യൂറോപ്പിലെ പല രാജ്യങ്ങളിലും കോവിഡ് തരംഗം പുനരാരംഭിച്ചത് ഗൗരവപൂർവ്വം കാണണം: മുഖ്യമന്ത്രി

single-img
24 November 2021

കോവിഡ് രോഗവ്യാപനം വലിയ തോതിൽ കുറഞ്ഞിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികൾ മറികടന്നുകൊണ്ട് മുന്നോട്ടു പോകുവാനുള്ള പ്രയത്നത്തിലാണ് നമ്മൾ. പക്ഷേ, ഈ ഘട്ടത്തിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നതിലും വാക്സിൻ സ്വീകരിക്കുന്നതിലുമുള്ള വിമുഖത വീണ്ടുമൊരു പ്രതിസന്ധിയിലേയ്ക്ക് നമ്മെ തള്ളിവിടുമെന്ന കാര്യം മറന്നുകൂടാ. യൂറോപ്പിലെ പല രാജ്യങ്ങളിലും കോവിഡ് തരംഗം പുനരാരംഭിച്ചിട്ടുള്ളത് ഗൗരവപൂർവ്വം കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് തരംഗം വീണ്ടും കണ്ടു തുടങ്ങിയ രാജ്യങ്ങളിൽ വാക്സിനേഷനെടുക്കുന്നതിൽ ഉണ്ടാകുന്ന താല്പര്യക്കുറവ് രോഗവ്യാപനം വർധിച്ചതിൻ്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. മിക്ക രാജ്യങ്ങളും 60% വാക്സിനേഷൻ മാത്രമാണ് കൈവരിച്ചിട്ടുള്ളത്. ഡൽറ്റ വൈറസിനെ നേരിട്രാൻ 80% ആളുകളെങ്കിലും രണ്ടു ഡോസ് വാക്സിനേഷനും എടുക്കേണ്ടതുണ്ട്. ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചവർ രണ്ടാം ഡോസ് വാക്സിനെടുക്കുന്നതിൽ കാണിക്കുന്ന അലംഭാവവും രോഗബാധക്കുള്ള പ്രധാനകാരണമാണ് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഒന്നാം ഡോസ് വാക്സിനെടുത്തവർ നിശ്ചിതസമയത്ത് രണ്ടാം ഡോസ് സ്വീകരിക്കേണ്ടതിൻ്റെ പ്രാധ്യാന്യത്തെയാണിത് സൂചിപ്പിക്കുന്നത്. വാക്സിനേഷൻ ത്വരിതഗതിയിൽ നടക്കുകയും 80% ത്തോളാം പേർ വാക്സിനെടുക്കുകയും ചെയ്തിട്ടുള്ള രാജ്യങ്ങളിൽ കോവിഡ് കെട്ടടിങ്ങിയിട്ടുണ്ട്.

കേരളത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 95.74% പേർ സ്വീകരിച്ചെങ്കിലും രണ്ടാം ഡോസ് വാക്സിനേഷൻ ഇതുവരെ 60.46.48 % പേരാണ് സ്വീകരിച്ചിട്ടുള്ളത്. രണ്ടാം ഡോസ് വാക്സിനേഷനെടുക്കുന്നതിൽ വിമുഖത ഉടലെടുക്കുന്നതായും കാണുന്നുണ്ട്. ഒന്നാം ഡോസ് വാക്സിനെടുത്തവരുടെ രോഗപ്രതിരോധ ശേഷി കുറഞ്ഞു വരുന്ന സാഹചര്യത്തിൽ രണ്ടാം ഡോസ് തക്ക സമയത്തെടുത്തില്ലെങ്കിൽ ആദ്യഡോസ് എടുത്തതിന്റെ പ്രയോജനം ലഭിക്കാതെ പോകും.

യൂറോപ്യൻ അനുഭവങ്ങളിൽ നിന്നും പാഠമുൾകൊണ്ട് വാക്സിനേഷൻ രണ്ട് ഡോസും എല്ലാവരും വൈകാതെ സ്വീകരിക്കേണ്ടതാണ്. രോഗം കുറഞ്ഞ് തുടങ്ങിയെങ്കിലും കോവിഡ് പെരുമാറ്റചട്ടങ്ങൾ പാലിക്കുന്നതിൽ തുടർന്നും ശ്രദ്ധിക്കയും വേണം. ഈ ഘട്ടത്തെ ശ്രദ്ധാപൂർവം നേരിട്ടില്ലെങ്കിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കപ്പെടും. അതിനിട വരുത്താതെ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.