ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല

single-img
23 November 2021

ഇന്ത്യന്‍ രാഷ്ട്രപതിക്ക് സിംബാബ്‌വെയില്‍ നിന്ന് നയതന്ത്ര സമ്മാനമായി ലഭിച്ച 27കാരനായ ആഫ്രിയ്ക്കന്‍ ഒറ്റയാന് ഇണയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡല്‍ഹി മൃഗശാലയിലെ അധികൃതര്‍. ശങ്കർ എന്ന് പേരുള്ള ഇവാൻ ആഫ്രിയ്ക്കന്‍ ആന വിഭാഗത്തില്‍ ഇവിടെയുള്ള ഒരേ ഒരു ആനയാണ്.

1998ലായിരുന്നു ആഫ്രിക്കയിലെ സാവന്നയിലെ പുല്‍മേടുകളില്‍ സ്വതന്ത്രമായി വിഹരിച്ചിരുന്ന ശങ്കര്‍ ഇന്ത്യയിലെ ഡല്‍ഹി മൃഗശാലയിലെ കൂട്ടിൽ എത്തുന്നത്. എന്തായാലും അന്നുമുതൽ അനുഭവിക്കുന്ന ആനയുടെ ഏകാന്തത അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് അധികൃതര്‍ ഇപ്പോൾ ഇണയെ തേടുന്നത്.

ശങ്കറിനായി ഒരു ഇണയെ കണ്ടെത്തി നല്‍കാന്‍ കഴിയുമോ, അല്ലെങ്കില്‍ ആനയെ തിരികെ കൊണ്ടുപോകാമോ എന്ന് ആഫ്രിക്കയിലെ പാര്‍ക്കുകള്‍ക്ക് മൃഗശാല ഡയറക്ടര്‍ സോണാലി ഘോഷ് കത്തെഴുതുകയും ചെയ്തു . മാത്രമല്ല, പരിഹാരമായി മഥുരയിലെ ആന സംരക്ഷണ കേന്ദ്രത്തില്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ എന്ന് അന്വേഷിയ്ക്കാനും അധികൃതരോട് ഇവിടെ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, ശങ്കറിന്റെ ഏകാന്തതയ്ക്ക് ഒരു പരിഹാരം കണ്ടത്തി തരണമെന്ന ആവശ്യവുമായി യൂത്ത് ഫോര്‍ അനിമല്‍സ് എന്ന സംഘടന അടുത്തിടെ ഒരു ഓണ്‍ലൈന്‍ ഹര്‍ജി തയ്യാറാക്കിയിരുന്നു. നേരത്തെ, ഒരു പിടിയാനയ്ക്ക് ഒപ്പമാണ് ശങ്കറിനെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നത്. പക്ഷെ ഡല്‍ഹിയില്‍ എത്തി കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അത് ചരിഞ്ഞു.

നിലവിൽ ശങ്കറിനെ കൂടാതെ മറ്റൊരു ആഫ്രിയ്ക്കന്‍ ആന കൂടി ഇന്ത്യയിലുണ്ട്. അത് മൈസൂര്‍ മൃഗശാലയിലാണ് കഴിയുന്നത്. മൃഗശാലയുടെ ഉള്ളിലെ കൂടിനുള്ളില്‍ കിടന്നുകൊണ്ട് ശങ്കര്‍ കാണിയ്ക്കുന്ന പല ലക്ഷണങ്ങളും സമ്മര്‍ദ്ദത്തിന്റേത് ആകാമെന്നാണ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.