അവസാന ബോളില്‍ തമിഴ്‌നാടിന് ജയിക്കാന്‍ വേണ്ടത് അഞ്ചു റണ്‍സ്; സിക്‌സര്‍ പറത്തി ഷാരൂഖ്

single-img
22 November 2021

ആവേശ വിജയത്തോടെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാട് ചാംപ്യന്‍മാര്‍. അവസാന ഓവറിലെ അവസാന ബോളിലേക്കു നീണ്ട ആവേശകരമായ ഫൈനലില്‍ മനീഷ് പാണ്ഡെ നയിച്ച മുന്‍ ജേതാക്കള്‍ കൂടിയായ കര്‍ണാടകയെയാണ് വിജയ് ശങ്കറിന്റെ തമിഴ്‌നാട് നാലു വിക്കറ്റിനു പരാജയപ്പെടുത്തിയത് .

ഈ ജയത്തോടെ തുടര്‍ച്ചയായി രണ്ടാം തവണയാണ് മുഷ്താഖ് അലി ട്രോഫിക്കു തമിഴ്‌നാട് അവകാശികളായത്. മാത്രമല്ല, ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡും അവരെ തേടിയെത്തി. മൂന്നാം തവണയാണ് തമിഴ്‌നാട് കിരീടം കൈക്കലാക്കിയത്.

നേരത്തെ, 2006-07ൽ ആദ്യ സീസണിലെ ജേതാക്കളായ ശേഷം കഴിഞ്ഞ സീസണിലും ഈ സീസണിലും തമിഴ്‌നാട് വിജയ കിരീടം ചൂടുകയായിരുന്നു. ഇന്നത്തെ ഫൈനലിൽ 152 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു തമിഴ്‌നാടിനായി കര്‍ണാടക നല്‍കിയത്. മത്സരത്തിൽ 19ാം ഓവര്‍ കര്‍ണാടക വിജയമുറപ്പിച്ചതായിരുന്നു. കാരണം കളിയിൽ അവസാനത്തെ ഓവറില്‍ തമിഴ്‌നാടിനു ജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരുന്നു.

ഐപിഎല്‍ ടൂർണമെന്റിൽ പഞ്ചാബ് കിങ്‌സിലൂടെ ക്രിക്കറ്റ് പ്രേമികള്‍ക്കു സുപപരിചിതനായ ഷാരൂഖും ആര്‍ സായ് കിഷോറുമായിരുന്നു ക്രീസില്‍. ബോൾ ചെയ്തത് പ്രതീക് ജയ്‌നുമായിരുന്നു. ഓവറിലെ ആദ്യ ബോളില്‍ സായ് കിഷോര്‍ ബൗണ്ടറിയടിച്ചു. പിന്നാലെ ചെയ്ത ബോളില്‍ സിംഗിള്‍, തുടര്‍ന്നൊരു വൈഡ്. മൂന്നാമത്തെ ബോളില്‍ ഷാരൂഖ് സിംഗിളെടുത്തു. നാലാത്തെയും ബോളിലും സിംഗിള്‍.

അഞ്ചാമത്തേത് വൈഡ്, ഇതിന്റെ റീ ബോളില്‍ ഷാരൂഖ് ഡബിള്‍ നേടി. അതോടുകൂടി അവസാന ബോളില്‍ തമിഴ്‌നാടിനു ജയിക്കാന്‍ വേണ്ടത് അഞ്ചു റണ്‍സ് ആയി കുറഞ്ഞു. അവസാന ബോളിൽ ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ സിക്‌സര്‍ പറത്തി ഷാരൂഖ് തമിഴ്‌നാടിന്റെ വിജയം കുറിച്ചപ്പോള്‍ കര്‍ണാടകയുടെ പരാജയം പൂർത്തിയായി. കളിയിൽ15 ബോളില്‍ മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം ഷാരൂഖ് 33 റണ്‍സ് നേടി.