ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ചു; കണ്ണൂരിൽ പന്ത്രണ്ടുകാരന് നെഞ്ചിനും കാലിനും പരിക്ക്

single-img
22 November 2021

കണ്ണൂർ ജില്ലയിലെ ധർമ്മടത്ത് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. ധർമ്മടം പാലാട് നരിവയലിലാണ് കളിക്കുന്നതിനിടെ കയ്യിൽ കിട്ടിയ ഐസ്ക്രീം ബോൾ എടുത്തെറിഞ്ഞപ്പോൾ സ്ഫോടനം ഉണ്ടായത്.

അപകടത്തിൽ പന്ത്രണ്ട് വയസുള്ള കുട്ടിയുടെ നെഞ്ചിനും കാലിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് പരിക്കേറ്റ നരിവയൽ സ്വദേശി ശ്രീവർധിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കുട്ടിക്കേറ്റ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. പറമ്പിൽ മറ്റ് കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു ശ്രീധർവ്, ഇതിനിടിയിൽ പന്ത് അടുത്തുള്ള പറമ്പിലേക്ക് പോയി. ഇത് തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് ഐസ്ക്രീം ബോൾ കണ്ടത്.

മൂന്ന് ഐസ്ക്രീം ബോംബുകളാണ് കുട്ടിക്ക് ഈ പറമ്പിൽ നിന്ന് കിട്ടിയത്. ലഭിച്ചത് ബോംബാണെന്ന് തിരിച്ചറിയാതെ ഇതെടുത്ത് തിരിച്ച് കൊണ്ടുവന്ന് കളി തുടരുകയായിരുന്നു. അതിനിടെയാണ് സ്ഫോടനം, പ്രദേശത്ത് പൊലീസ് തിരച്ചിൽ നടത്തുകയാണ്.