ഞാന്‍ ഇനി ദിലീപേട്ടന്റെ നെഞ്ചത്തേക്കാണെന്നാണ് പറയുന്നത്; മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ഗായത്രി സുരേഷ്

single-img
22 November 2021

നടി ഗായത്രി സുരേഷിന്റെ വാഹനം ഒരിക്കൽ അപകടത്തിൽ പെടുകയും തുടര്‍ന്നുള്ള വിശദീകരണങ്ങളുമെല്ലാം വിവാദമായി മാറിയിയിരുന്നു. പിന്നാലെ ഇപ്പോൾ ഇതാ, ഗായത്രിയുടെ സോഷ്യല്‍ മീഡിയ ലൈവ് ആണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്.

സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും മോശം കമന്റുകള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ് ഗായത്രി വീഡിയോയില്‍. സോഷ്യല്‍ മീഡിയയിലെ ഒന്നോ രണ്ടോ ലക്ഷം പേരെ കേരളമാക്കി മാറ്റരുതെന്നും ആളുകളെ അടിച്ചമര്‍ത്തരുതെന്നും ഗായത്രി പറയുന്നു. എന്തെങ്കിലും നടപടിയെടുക്കണം. ട്രോള്‍സ് നിരോധിക്കുകയോ വൃത്തികെട്ട കമന്റ്സ് ഇടുന്നവര്‍ക്കെതിരെ കേസ് എടുക്കുകയോ അങ്ങനെ എന്തെങ്കിലും ചെയ്യണമെന്ന് ഗായത്രി ആവശ്യപ്പെടുന്നു.

ഗായത്രി സുരേഷിന്റെ വാക്കുകള്‍ ഇങ്ങിനെ:

അന്നത്തെ പ്രശ്നങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ലൈവില്‍ വരുന്നത്. ഒരു മാസത്തോളമായി ഞാന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. എപ്പോള്‍ ഇന്റര്‍നെറ്റ് തുറന്നാലും ഇന്നെന്താണ് ഇന്നെന്താണ് എന്നാണ്. നിങ്ങള്‍ പറയുന്നതൊക്കെ ഞാന്‍ സമ്മതിക്കുന്നു.

ഞാന്‍ മണ്ടിയാണ്, പൊട്ടിയാണ്, കളളിയാണ്, ഉഡായിപ്പാണ് നിങ്ങള്‍ പറയുന്നതെന്തും ഞാന്‍ അംഗീകരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വൃത്തികേടായി കമന്റ് ചെയ്യുന്ന കേരളത്തിലെ ഒന്നോ രണ്ടോ ലക്ഷം പേരെയുള്ളൂ. ബാക്കിയുള്ളവര്‍ ഇതിലേക്കൊന്നും വരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നതല്ല കേരളം.

കേരളത്തിലുള്ളവര്‍ ബുദ്ധിയും വിവേകവുമുള്ളവരാണ്. അവര്‍ക്ക് പണിക്ക് പോകണം, ജീവിക്കണം, നന്നായി ജീവിക്കണം. കേരളത്തിലെ ആളുകളെ തരം താഴ്ത്തരുത്. മിണ്ടാതെയിരിക്കുമ്പോള്‍ വെറുതെ കുറേ ആരോപണങ്ങളുമായി വരികയാണ്. കഴിഞ്ഞ ദിവസം ഗായത്രി സുരേഷ് എന്ന് അടിച്ച് നോക്കിയപ്പോള്‍ കണ്ട, രണ്ട് യൂട്യൂബ് ചാനല്‍ എന്നെക്കുറിച്ച് ഇട്ടത് റിപ്പോര്‍ട്ട് ചെയ്യാനാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

യുവ നടന്മാര്‍ക്കിടയില്‍ വലവീശുന്നതിനിടെ ഇതാ ഒരു പരല്‍മീന്‍ കൂടെ എന്നാണ് പറയുന്നത്. വീഡിയോയില്‍ പറയുന്നത് ഞാന്‍ ദിലീപേട്ടന്റെ വീട്ടിലേക്ക് പോവുകയാണത്രേ. ദിലീപേട്ടനെ വല വീശിപ്പിടിക്കാന്‍. അങ്ങനെ കാവ്യ ചേച്ചിയുടെ ജീവിതം തകര്‍ക്കാന്‍. എനിക്ക് ഇവരെ അറിയുക പോലുമില്ല.

ദിലീപേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ദിലീപേട്ടനൊപ്പം അഭിനയിക്കുക എന്നത് എന്റെ സ്വപ്നങ്ങളില്‍ ഒന്നാണ്. പക്ഷെ ഇവരെയാരേയും എനിക്ക് പേഴ്സണലി അറിയില്ല. ഞാന്‍ ഇനി ദിലീപേട്ടന്റെ നെഞ്ചത്തേക്കാണെന്നാണ് പറയുന്നത്. ഇത് നിയമവിരുദ്ധപരമായ കാര്യമാണ്. എന്തെങ്കിലും ആക്ഷന്‍ എടുക്കണം. ആളുകളിലേക്ക് എത്താന്‍ സോഷ്യല്‍ മീഡിയയാണ് എളുപ്പം.

അതിനാലാണ് ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. ഇതൊക്കെ വയലന്‍സാണ്. സ്ത്രീകള്‍ക്കെതിരെയുള്ള വയലന്‍സ്, മാനഷ്ടം എന്നൊക്കെയുള്ള വകുപ്പുകളില്‍ പെടും. ക്രിമിനല്‍ കുറ്റമാണ്. നടക്കാത്ത കാര്യം ഇണ്ടാക്കി പറയുകയാണ്. എന്നെ കൊണ്ട് വെറുതെ കേസ് കൊടുപ്പിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

എന്തൊക്കെ പറഞ്ഞാലും ട്രോള്‍സും കമന്റ്സും അത്ര അടിപൊളിയാണെന്ന് തോന്നുന്നില്ല. ട്രോള്‍സിന്റെ ഉദ്ദേശം ആളുകളെ കളിയാക്കുക എന്നാണ്. സോഷ്യല്‍ മീഡിയ തുറന്നാല്‍ വൃത്തികെട്ട ട്രോള്‍സും കമന്റ്സുമാണ് കാണാനുള്ളത്. ഒരു തരത്തിലുള്ള അടിച്ചമര്‍ത്തലാണ് ഇവിടെ നടക്കുന്നത്. വളര്‍ന്നു വരുന്നൊരു തലമുറയുണ്ട്. അവര്‍ കണ്ട് വളരുന്നത് ഇതാണ്.

അടിച്ചമര്‍ത്തുന്ന തലമുറയല്ല നമുക്ക് വേണ്ടത്. പരസ്പരം പ്രചോദനമാകുന്ന പിന്തുണയ്ക്കുന്ന സമൂഹമാണ് നമുക്ക് വേണ്ടത്. ഞാന്‍ ഈ പറയാന്‍ പോകുന്നത് എവിടെ എത്തും, എന്താകും എന്നറിയില്ല. എന്തായാലും എനിക്ക് പ്രശ്നമില്ല. കാരണം എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അത്രയും അടിച്ചമര്‍ത്തപ്പെട്ട അവസ്ഥയിലാണ് ഞാനിപ്പോള്‍.

ഇത് പറഞ്ഞത് കൊണ്ട് എനിക്ക് സിനിമകള്‍ ഇല്ലാതാകുമെന്നോ ആളുകള്‍ എന്നെ വെറുക്കുമോ എന്നൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. എനിക്ക് പറയാനുള്ളത് പിണറായി വിജയന്‍ സാറിനോടാണ്. മുഖ്യമന്ത്രിയോട്. സാറിനെ ഞാന്‍ ഒരുപാട് ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. സാര്‍ ഇത് കേള്‍ക്കുമെന്ന് കരുതുന്നു.

ഇത് നടക്കുമോ എന്നറിയില്ല. എന്നാലും എനിക്കിത് പറയാന്‍ തോന്നി. എന്തെങ്കിലും ഒരു നടപടിയെടുക്കണം. ഇങ്ങനെയുള്ളവര്‍ വളരാന്‍ പാടില്ല. അവര്‍ക്ക് കേരളത്തെ തന്നെ നശിപ്പിക്കാന്‍ ശക്തിയുണ്ട്. ഞാന്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ എന്നെ പിന്തുണയ്ക്കുകയാണെങ്കില്‍ നമുക്ക് സമൂഹത്തില്‍ വലിയൊരു മാറ്റം കൊണ്ടു വരാനാകും.

സോഷ്യല്‍ മീഡിയയിലെ ഒന്നോ രണ്ടോ ലക്ഷം പേരെ കേരളമാക്കി മാറ്റരുത്. ആളുകളെ അടിച്ചമര്‍ത്തരുത്. എന്തെങ്കിലും നടപടിയെടുക്കണം. ട്രോള്‍സ് നിരോധിക്കുകയോ വൃത്തികെട്ട കമന്റ്സ് ഇടുന്നവര്‍ക്കെതിരെ കേസ് എടുക്കുകയോ അങ്ങനെ എന്തെങ്കിലും ചെയ്യണം.