ആന്ധ്രയിൽ വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച ഡാമിൽ വിള്ളൽ; 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

single-img
22 November 2021

ആന്ധ്രയിലെ വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച 500 വർഷത്തിലേറെ പഴക്കമുള്ള റായല ചെരുവ് ജലസംഭരണിയില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഇത് ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണികൂടിയാണ്.

ഇന്നലെ പുലര്‍ച്ചയോടെയാണ് അണക്കെട്ടിൽ ചോര്‍ച്ച തുടങ്ങിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ അധികൃതര്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ജനങ്ങളെ ഒഴിപ്പിക്കുകയുംചെയ്യുകയായിരുന്നു. നിലവിൽ ജലസംഭരണിയിലെ നാല് ഇടങ്ങളിൽ ആണ് ചോർച്ച കണ്ടെത്തിയത്. ഡാമിൽ ഇപ്പോൾ 0.9 ടിഎംസി അടി വെള്ളമാണ് ഉള്ളത്. ആകെ 0.6 ടിഎംസി അടി വെള്ളം സംഭരിക്കാനുള്ള ശേഷിയേ ഈ ഡാമിനുള്ളൂ.

അടുത്ത കാലത്തായി ആദ്യമായിട്ടാണ് ഡാമിലേക്ക് ഇത്രയധികം വെള്ളത്തിന്റെ ഒഴുക്കുണ്ടാകുന്നതെന്ന് അധികൃതര്‍ പറയുന്നത്. ശക്തമായ മഴയാണ് ഇതിന് കാരണം. അതേസമയം, ജലസേചന വകുപ്പ് അധികൃതര്‍ ജലസംഭരണിയുടെ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇവ പരിഹരിച്ചാലും അണക്കെട്ട് ഇനി ഉപയോഗിക്കാൻ പറ്റുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.