രജിസ്‌ട്രേഷന്‍ ഇല്ലാതെ നേപ്പാളിൽ ടെലിവിഷന്‍ ചാനലുമായി ബാബ രാംദേവ്; നടപടിയെടുക്കാന്‍ സാധ്യത

single-img
22 November 2021

പതഞ്ജലി ആയുർവേദ ഉത്പന്നങ്ങളുടെ സ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവ് നേപ്പാളില്‍ ആരംഭിച്ച പുതിയ ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ അധികൃതർ നടപടിയെടുക്കാന്‍ സാധ്യത. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് രാജ്യത്ത് രാംദേവിന്റെ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് നേപ്പാളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാന്‍ പുഷ്പ കമല്‍ ദഹലും സംയുക്തമായി രാംദേവിന്റെ കീഴിലുള്ള ആസ്താ നേപ്പാള്‍ ടി.വിയും പതഞ്ജലി നേപ്പാള്‍ ടി.വിയും ലോഞ്ച് ചെയ്തത്. മതം- യോഗ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നതിനാണ് ചാനലുകള്‍.

പക്ഷെ രണ്ട് ടെലിവിഷന്‍ ചാനലുകളും രാജ്യത്തെ രജിസ്‌ട്രേഷന് അപേക്ഷിച്ചിട്ടില്ലെന്നും അവ ആരംഭിക്കുന്നതിന് നിയമപരമായ നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും നേപ്പാള്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഗോഗന്‍ ബഹാദൂര്‍ ഹമാല്‍ അറിയിച്ചു.