അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; മാധ്യമങ്ങള്‍ക്കെതിരെ പരാതിയുമായി അന്‍സിയുടെ കുടുംബം

single-img
20 November 2021

സംസ്ഥാനത്തെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് കൊച്ചിയിൽ അപകടത്തില്‍ മരണപ്പെട്ട മുന്‍ മിസ്സ് കേരള അന്‍സി കബീറിന്റെ കുടുംബം കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഇത്തരത്തിലുള്ള കുപ്രചരണങ്ങള്‍ക്കെതിരെ നടപടി വേണമെന്നും, ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് വീണ്ടെടുക്കണം എന്നും പരാതിയില്‍ കുടുംബം ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. ഇതോടൊപ്പം തന്നെ പുതിയ അന്വേഷണ സംഘത്തിന് മുന്നില്‍ ബന്ധുക്കള്‍ക്ക് മൊഴി നല്‍കി. ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമാണെന്നും കുടുംബം പ്രതികരിച്ചു.

ഈ മാസം ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. അർദ്ധരാത്രി രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.