ശക്തമായ മഴയിൽ ആന്ധ്ര; ബസുകൾ ഒഴുക്കിൽപ്പെട്ട് 12 മരണം; 18 യാത്രക്കാരെ കാണാതായി

single-img
19 November 2021

ആന്ധ്രാപ്രദേശിൽ തുടരുന്ന ശക്തമായ മഴയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചു. സംഭവത്തിൽ 18 യാത്രക്കാരെ കാണാതായി. സംസ്ഥാനത്തെ കഡപ്പ ജില്ലയിലെ മണ്ടപ്പള്ളിയിലാണ് ദാരുണസംഭവം ഉണ്ടായത്. നേരത്തെ, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായത്.

അതേസമയം, ചെയ്യേരു നദിയിൽ ഒഴുക്കിൽപ്പെട്ട 30 പേരെ ദുരന്തനിവാരണ സേന രക്ഷിച്ചു. ക്ഷേത്ര നഗരമായ തിരുപ്പതിയില്‍ വെള്ളപ്പൊക്കം രൂക്ഷമായതോടെ കേരളത്തില്‍ നിന്ന് ഉൾപ്പെടെ എത്തിയ നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി. ഇവിടെ നിന്നും നൂറ് കണക്കിന് ആളുകളെ അധികൃതർ മാറ്റിപാർപ്പിച്ചു.

പ്രദേശത്തെ എഴുപത് ശതമാനംഭാഗങ്ങളും ഇപ്പോഴും വെള്ളത്തിലാണ്. അതിൽ തന്നെ പ്രസിദ്ധമായ വെങ്കടേശ്വര ക്ഷേത്രം, കപീലേശ്വര ക്ഷേത്രം , ആ‍ജ്ഞനേയ ക്ഷേത്രത്തിലും വെള്ളക്കെട്ട് രൂക്ഷമാണ്. നിലവിൽ ദേശീയ ദുരന്തനിവാരണ സേനയെ തിരുപ്പതിയില്‍ വിന്യസിച്ചു. ഇതോടൊപ്പം തന്നെ തിരുപ്പതിയിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബംഗ്ലൂരുവിലേക്കും വഴിതിരിച്ചുവിട്ടു.

നെല്ലൂര്‍ കടപ്പ പ്രകാശം അടക്കം തീരമേഖലയിലെ ജില്ലകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മരം വീണും മണ്ണിടിഞ്ഞും വ്യാപക നാശനഷ്ടമുണ്ടായി. സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രി ജഗ്ഗന്‍മോഹന്‍ റെഡ്ഢിയുമായി ഫോണില്‍ സംസാരിച്ച കേന്ദ്രസംഘം സ്ഥിതി വിലയിരുത്തി.