തമിഴ്ബ്രാഹ്‌മണ യുവാക്കൾക്ക് ജീവിതപങ്കാളികളെ കിട്ടാനില്ല; അന്വേഷണം നീളുന്നത് ഉത്തരേന്ത്യയിലേക്കും

single-img
18 November 2021

തമിഴ്ബ്രാഹ്‌മണ യുവാക്കൾക്ക് ജീവിതപങ്കാളികളെ കിട്ടാനില്ല. ഇതിനെ തുടർന്ന് വധുക്കളെ തേടി സമുദായ സംഘടനയുടെ അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീളുന്നു. 30-നും 40-നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ ബ്രാഹ്‌മണ യുവാക്കളുടെ എണ്ണം കൂടിയതോടെയാണ് തമിഴ്നാട് ബ്രാഹ്‌മണ അസോസിയേഷൻ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

ഇതിനുവേണ്ടി ഡൽഹി, ലഖ്നൗ, പട്ന എന്നിവിടങ്ങളിൽ കോ-ഓർഡിനേറ്റർമാരെ നിയോഗിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് എൻ നാരായണൻ ഇന്ന് അറിയിച്ചു. സംസ്ഥാനത്തെ വിവാഹപ്രായമായിട്ടും അനുയോജ്യരായ ജീവിതപങ്കാളികളെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന 40,000- ഓളം ബ്രാഹ്‌മണ യുവാക്കളുണ്ടെന്നാണ് അസോസിയേഷന്റെ കണക്കുകൾ പറയുന്നത്.

വിവാഹപ്രായമുള്ള 10 ബ്രാഹ്‌മണ യുവാക്കളുണ്ടെങ്കിൽ യുവതികളുടെ എണ്ണം ആറ് മാത്രമാണെന്നും ഇതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നും സംഘടനാ നേതാക്കൾ പറയുന്നു. ഇത് പരിഹരിക്കാനാണ് ഉത്തരേന്ത്യയിലേക്ക് ബന്ധം തേടിപ്പോകുന്നത്.

സംഘടനയുടെ മാസികയിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് നാരായണൻ പുതിയ ശ്രമത്തെക്കുറിച്ച് വിശദീകരിച്ചത്. ലഖ്നൗ, പട്ന എന്നിവിടങ്ങളിലുള്ള ആളുകളുമായി ചർച്ചകൾ നടന്നുവരികയാണ്. ഈ സ്ഥലങ്ങളിലെ കോ-ഓർഡിനേറ്റർമാരെക്കൂടാതെ ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനും അറിയാവുന്നവരെ അസോസിയേഷന്റെ ചെന്നൈയിലെ ആസ്ഥാനത്തും നിയമിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് നാരായണൻ പറഞ്ഞു.