ബിഗ് ബാഷ് ടി20 ലീഗ്: സ്മൃതി മന്ദാനയുടെ സെഞ്ച്വറിക്കും സിഡ്നി തണ്ടേഴ്സിനെ രക്ഷിക്കാനായില്ല

single-img
17 November 2021

ഓസ്ട്രേലിയയിൽ നടക്കുന്ന വനിതാ ബിഗ് ബാഷ് ടി20 ലീഗില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന. ഇന്ന് നടന്ന മെല്‍ബണ്‍ റെനഗഡ്സിനെതിരെ 84 പന്തില്‍ 114 റണ്‍സടിച്ച് ബിഗ് ബാഷില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടം സ്വന്തമാക്കി. പക്ഷെ ഇതുകൊണ്ടും സ്മൃതി മന്ഥാനക്ക് തന്‍റെ ടീമായ സിഡ്നി തണ്ടേഴ്സിനെ വിജയത്തിലെത്തിക്കാനായില്ലെന്നത് നിരാശയായി.

അതേസമയം, മറ്റൊരു ഇന്ത്യന്‍ താരമായ ഹര്‍മന്‍പ്രീത് കൗറിന്‍റെ അർദ്ധസെഞ്ചുറി മികവില്‍(55 പന്തില്‍ 81*)ആദ്യം ബാറ്റ് ചെയ്ത റനെഗഡ്സ് നാലു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ സിഡ്നി തണ്ടേഴ്സിന് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

മത്സരത്തിൽ ഹര്‍മന്‍പ്രീത് കൗര്‍ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സും അവസാന പന്തില്‍ ആറ് റണ്‍സുമായിരുന്നു തണ്ടേഴ്സിന് ജയത്തിനായി വേണ്ടിയരുന്നത്. എന്നാല്‍ കൗറിന്‍റെ അവസാന പന്തില്‍ ഒരു റണ്ണെടുക്കാനെ മന്ഥാനക്ക് കഴിഞ്ഞുള്ളു. 64 പന്തില്‍ 14 ഫോറും മൂന്ന് സിക്സും പറത്തിയാണ് മന്ഥാന 114 റണ്‍സുമായി പുറത്താവാതെ നിന്നത്. ഓസ്ട്രേലിയന്‍ താരം എല്‍സി പെറിക്കുശേഷം മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടവും സ്മൃതി സ്വന്തമാക്കി. വനിതാ ബിഗ് ബാഷിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും സ്മൃതി ഇന്ന് സ്വന്തമാക്കി.