ഐഎഫ്എഫ്കെ ഫെബ്രുവരിയിലേക്ക് മാറ്റിയത് ‘മരക്കാർ’ കാരണമല്ല: കമല്‍

single-img
17 November 2021

ഡിസംബറിൽ നടക്കേണ്ടിയിരുന്ന കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരിയിലേക്ക് മാറ്റിയത് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാറിന്റെ റിലീസ് കാരണമല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. മരക്കാർ റിലീസ് ചെയ്യുന്നതിനാലാണ് ചലച്ചിത്രമേള ഫെബ്രുവരിയിലേക്ക് മാറ്റിയതെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ തിരുവനന്തപുരത്തെ കൈരളി തിയേറ്ററില്‍ പണിനടക്കുന്ന സാഹചര്യമായതിനാലാണ് ഫെസ്റ്റിവല്‍ മാറ്റിവെക്കാന്‍ കാരണമെന്നാണ് കമല്‍ വിശദീകരിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിക്ക് മുന്‍പായി തിയേറ്ററിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. എല്ലാ വർഷവും ചലച്ചിത്രമേളയുടെ ഉദ്ഘാടനമടക്കമുള്ള പ്രധാന ചടങ്ങുകള്‍ എല്ലാം കൈരളി തിയേറ്ററില്‍ വെച്ചാണ് നടക്കാറുള്ളത്.

ഇതോടൊപ്പം തന്നെ ഫെസ്റ്റിവലിനെത്തുന്ന ഡെലിഗേറ്റ്‌സുകള്‍ക്കും കൈരളി തിയേറ്ററിനോട് വൈകാരികമായ അടുപ്പമാണുള്ളതെന്നും മുന്‍ വര്‍ഷങ്ങളില്‍ ഫെസ്റ്റിവലിന്റെ ഭാഗമായ ധന്യ, രമ്യ തുടങ്ങിയ തിയേറ്ററുകള്‍ പൊളിച്ചതും മേള നീട്ടിവെക്കാന്‍ കാരണമായെന്നും കമല്‍ പറയുന്നു.അടുത്തമാസം 10 മുതല്‍ ചലച്ചിത്രമേള തുടങ്ങാനായിരുന്നു ആദ്യം ആലോചിച്ചത്.