2025ലെ ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ; ഇന്ത്യ കളിക്കുമോ എന്ന് ആശങ്ക

single-img
16 November 2021

2024 മുതൽ 2031 വരെ നടക്കാനിരിക്കുന്ന വിവിധ ഐ സി സി ടൂർണമെന്റുകളുടെ ആതിഥേയ രാഷ്ട്രങ്ങളുടെ പട്ടിക പുറത്തിറക്കി ഐ സി സി. ഇതിൽ രണ്ട് 50- ഓവർ ലോകകപ്പുകളും നാല് ടി ട്വന്റി ലോകകപ്പുകളും രണ്ട് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റുകളുമായിരിക്കും ഈ കാലയളവിൽ നടക്കുക.

ലോകമാകെ14 രാജ്യങ്ങളിലായാണ് ഈ എട്ട് ടൂർണമെന്റുകളും നടക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ളാദേശ്, ഇംഗ്ലണ്ട്, അയർലണ്ട്, ന്യൂസിലാൻഡ്, സ്കോട്ട്‌ലാൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിൻഡീസ്, സിംബാബ്‌വെ, യു എസ് എ, നമീബിയ എന്നീ രാജ്യങ്ങളിലായിരിക്കും ടൂർണമെന്റുകൾ നടക്കുക.

എന്നാൽ, 2025ൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്. പാകിസ്ഥാനുമായി പ്രശ്നങ്ങൾ ഉള്ളതിനാൽ അവിടെ ക്രിക്കറ്റ് കളിക്കാൻ ഇന്ത്യ തയ്യാറാകുമോ എന്നത് നിലവിൽ സംശയമാണ്.നേരത്തെ, 2006ലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനിൽ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത്.

ആ സമയം മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര 1 – 0ന് പാകിസ്ഥാൻ ജയിക്കുകയായിരുന്നു. പിന്നാലെ ഇതുവരെ മൂന്ന് തവണ ഇരു രാജ്യങ്ങളും തമ്മിൽ പരമ്പരകൾ കളിച്ചുവെങ്കിലും അത് രണ്ട് തവണ ഇന്ത്യയിലും ഒരിക്കൽ യു എ ഇയിലും വച്ചായിരുന്നു നടന്നത്. 2009ൽ പാകിസ്ഥാനിൽ വച്ച് ശ്രീലങ്കയുടെ ക്രിക്കറ്റ് ടീമിനെതിരെ തീവ്രവാദി അക്രമം ഉണ്ടായതിനു ശേഷം പാകിസ്ഥാനിൽ അന്താരാഷ്ട്ര ടൂർണമെന്റുകളൊന്നും നടന്നിരുന്നില്ല.

ആ സംഭവത്തിന് പിന്നാലെ യു എ ഇയിലെ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം ആയിരുന്നു പാകിസ്ഥാൻ തങ്ങളുടെ ഹോം ഗ്രൗണ്ടായി ഉപയോഗിച്ചിരുന്നത്. ദീർഘ കാലമായി ദുബായ് സ്റ്റേഡിയം ആണ് പാകിസ്ഥാൻ തങ്ങളുടെ ഹോം ഗ്രൗണ്ടായി ഉപയോഗിക്കുന്നത്. വീണ്ടും അത്തരമൊരു നീക്കത്തിന് പാകിസ്ഥാന് മേൽ ഐ സി സി സമ്മർദ്ദം ചെലുത്താനും സാദ്ധ്യതയുണ്ട്.

പക്ഷെ മറുവശത്തു, വർഷങ്ങളായി സ്വന്തം മണ്ണിൽ ഒരു ക്രിക്കറ്റ് ടൂർണമെന്റ് നടത്താൻ സാധിക്കാത്ത പാകിസ്ഥാൻ ഈയൊരു അവസരം പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും.അതേസമയം, ഇന്ത്യ ഇല്ലാതെ നടത്തുന്ന ഒരു ഐ സി സി ടൂർണമെന്റിന് ഉണ്ടാകാൻ പോകുന്ന കനത്ത നഷ്ടം സഹിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പാകിസ്ഥാന് ചാമ്പ്യൻസ് ട്രോഫി അനുവദിക്കുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്.