ആഗോള പട്ടികയിൽ ഇടം നേടുന്ന ഇന്ത്യയിൽ നിന്നുള്ള ഏക ടെലികോം പ്രൊഡക്ട്സ് കമ്പനിയായി മെറ്റിൽ നെറ്റ്‌വർക്‌സ്

single-img
15 November 2021

തിരുവനന്തപുരത്തെ ടെക്നോപാർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെറ്റിൽ നെറ്റ്‌വർക്‌സ് (www.mettlenetworks com) ഇന്ത്യയിൽ നിന്നുള്ള ഒരേ ഒരു ടെലികോം പ്രൊഡക്ട്സ് കമ്പനിയായി ഇന്റൽ വിന്നേഴ്സ് സർക്കിൾ ആഗോള പട്ടികയിൽ ഇടം നേടി.

ഇതേ പട്ടികയിൽ മെറ്റിലിനെ കൂടാതെ സ്ഥാനം പിടിച്ചിരിക്കുന്ന വേറെ ഇന്ത്യൻ കമ്പനികൾ എച്ച്സിഎൽ, ടിസിഎസ്, ടെക് മഹിന്ദ്ര, വിപ്രോ എന്നിവയാണ്. അത്യാധുനിക കംപ്യൂട്ടർ നെറ്റ്‌വർക്കിംഗ് മേഖലയിലെ, പ്രത്യേകിച്ച് ടെലികോം/5G മേഖലയിലെ, ടെക്നോളജി മുന്നേറ്റത്തിന് സഹായകമാകുന്ന ആശയങ്ങളും ഉല്പന്നങ്ങളുമാണ് ഇന്റൽ ഇതിലേക്കായി പരിഗണിച്ചത്.

കമ്പനിയുടെ ബ്രോഡ്ബാൻഡ് സേവനദാതാക്കൾക്കു വേണ്ടിയുള്ള വെർച്വൽ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് ഗെയ്‌റ്റ്‌വേ (vBNG) എന്ന ഉൽപ്പന്നമാണ് ഇതിലേയ്‌ക്കായി അവതരിപ്പിച്ചത്. സമീപ കാലങ്ങളിൽ കൊവിഡ് സമയത്തും ബാൻഡ്‌വിഡ്ത് ഉപയോഗം തടസമില്ലാതെ കൈകാര്യം ചെയ്യാൻ ഇന്ത്യയിലെ ബ്രോഡ്ബാൻഡ് സേവന ദാതാക്കൾക്ക് മെറ്റിലിന്റെ വെർച്ച്വൽ ബ്രോഡ്ബാൻഡ് ഗെയ്റ്റ്‌വേ സഹായകമായിരുന്നു.

സ്‌കൂളുകൾ അനിശ്ചിതമായി അടച്ചിട്ടും വിദ്യാർഥികളുടെ ഓൺലൈൻ പഠനവും ഒടിടി പരിപാടികളും കൊവിഡ് കാലത്ത് തടസമില്ലാതെ നടക്കുന്നതിന് ഒരു പങ്ക് തങ്ങൾക്കും വഹിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മെറ്റിലിന്റെ സിറ്റിഒ രാജ്‌കുമാർ സുകുമാരൻ പറഞ്ഞു.

നിലവിൽ ടെലികോം ടെക്നോളജി ഫോക്കസ് ചെയ്‌തു പ്രവർത്തിക്കുന്ന പ്രൊഡക്‌ട് കമ്പനികൾ നമ്മുടെ രാജ്യത്ത് എണ്ണത്തിൽ വളരെ കുറവാണ്. അതേസമയം, ടെലികോം മേഖലയിലെ വിദേശ സാങ്കേതികത്വത്തിലും ഉൽപ്പന്നങ്ങളിലും ഉള്ള ആശ്രയം പരമാവധി കുറയ്‌ക്കാൻ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവും ഗവണ്മെന്റും ഗൗരവമായി ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ മെറ്റിൽ നെറ്റ്‌വർക്‌സിനെ പോലെയുള്ള കമ്പനികൾ വളരെ പ്രാധാന്യം അർഹിക്കുന്നതായാണ് വിലയിരുത്തൽ.