വിദ്യാർത്ഥിനിയെ ‘അഭിസാരിക’ എന്ന് വിളിച്ചു; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

single-img
14 November 2021

മഹാരാഷ്ട്രയിലെ മുംബൈ അന്ധേരി വെസ്റ്റിൽ വിദ്യാർത്ഥിനിയെ ‘അഭിസാരിക’ എന്ന് വിളിച്ച 48 കാരനായ ട്യൂഷൻ അധ്യാപകനെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള (പോക്സോ) നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.

16 വയസുള്ള വിദ്യാർത്ഥിയെയാണ് അധ്യാപകൻ അധിക്ഷേപിച്ചത്. കൂടെ ഉണ്ടായിരുന്ന വിദ്യാർത്ഥിയെ മടിയിൽ തലവെക്കാൻ അനുവദിച്ചു എന്ന് പറഞ്ഞായിരുന്നു വിദ്യാർത്ഥിനിക്ക് നേരെ അധ്യാപകൻ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. പ്രദേശത്തെ ഒരു സ്വകാര്യ ട്യൂട്ടോറിയൽ നടത്തുകയാണെന്നും ഒക്‌ടോബർ 29-ന് എട്ടോ പത്തോ വിദ്യാർഥികൾ പഠിക്കുന്ന ക്ലാസിലാണ് സംഭവമുണ്ടായതെന്നും ഓഷിവാര പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

“16 വയസ്സുള്ള ഒരു പെൺകുട്ടിയുടെ മടിയിൽ ഒരു പുരുഷ വിദ്യാർത്ഥി തല വച്ചിരിക്കുന്നത് കണ്ടതായി ട്യൂട്ടർ അവകാശപ്പെട്ടു. ഇത് അയാളെ ദേഷ്യപ്പെടുത്തുകയും വിദ്യാർത്ഥിനിയെ ശാസിക്കുന്നതിനിടയിൽ “അഭിസാരിക” എന്ന വാക്ക് ഉൾപ്പെടെയുള്ള നീചമായ കമന്റുകൾ ഉപയോഗിക്കുകയും ചെയ്തു,” പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഇരയായ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി മാതാപിതാക്കളോട് പരാതിപ്പെട്ടു, അവർ അടുത്ത ദിവസം ഓഷിവാര പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ട്യൂട്ടർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. അറസ്റ്റിന് ശേഷം സെഷൻസ് കോടതിയിൽ ഹാജരാക്കിയ അയാൾക്ക് ജാമ്യം അനുവദിച്ചു.