കോടിയേരിയുടെ തിരിച്ചുവരവ് ചർച്ച ചെയ്യാതെ പോളിറ്റ് ബ്യുറോ; സംസ്ഥാനത്തിന് തീരുമാനിക്കാം

single-img
14 November 2021

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവ് ചർച്ച ചെയ്യാതെ പോളിറ്റ് ബ്യുറോ. ഈ വിഷയം സംസ്ഥാനത്തിന് തീരുമാനിക്കാമെന്നും തീരുമനമെടുത്ത ശേഷം കേന്ദ്രത്തെ അറിയിച്ചാൽ മതിയെന്നുമാണ് പിബി നൽകിയിരിക്കുന്ന നിർദേശം. നേരത്തെ,തന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപാണ് കോടിയേരി അവധിയെടുത്തത്.

ഇതോടൊപ്പം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതും അവധിയില്‍ പ്രവേശിക്കാന്‍ കാരണമായിരുന്നു. എന്നാൽ അര്‍ബുദത്തിനു തുടര്‍ചികില്‍സ ആവശ്യമായതിനാൽ അവധി അനുവദിക്കുകയായിരുന്നു എന്നാണ് സിപിഎം മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നത്. കോടിയേരിക്ക് പകരമായി ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല നല്‍കുകയും ചെയ്തുചെയ്തിരുന്നു.

ഇപ്പോള്‍ കോടിയേരിയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായതും ബിനീഷ് കേസിൽ ജയില്‍ മോചിതനായതുമാണ് പദവിയിലേക്കു മടങ്ങിയെത്തുന്നതിന് വഴിയൊരുക്കുന്നത്. അതേസമയം, 2022 ൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ സഖ്യം സംബന്ധിച്ച് ഒരോ സംസ്ഥാനത്തിനും തീരുമാനമെടുക്കാമെന്നാണ് സിപിഎം പൊളിറ്റ്ബ്യൂറോയുടെ നിർദേശം.

ഇതിനായി അതാത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാം.ശേഷം ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കണമെന്നും പിബി നിർദ്ദേശമുണ്ട്. ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നേരത്തെയുണ്ടായ കോൺഗ്രസ് സഹകരണവും ധാരണയും ഇത്തവണയും പിബിയിൽ ചർച്ചയായി.