ത്രിപുര സംഘർഷം: റിപ്പോർട്ട് ചെയ്ത രണ്ട് വനിതാ മാധ്യമപ്രവർത്തകർക്കെതിരെ മതസ്പർധ വളർത്താൻ ശ്രമിച്ചതിന് കേസെടുത്തു

single-img
14 November 2021

ത്രിപുരയിൽ സംഘര്ഷങ്ങള് റിപ്പോർട്ട് ചെയ്യാൻ എത്തിയ രണ്ട് വനിതാ മാധ്യമപ്രവർത്തകർക്കെതിരെ മതസ്പർധ വളർത്താൻ ശ്രമിച്ചു എന്നത് അടക്കം വകുപ്പുകൾ ചുമത്തി കേസ്എടുത്ത് ത്രിപുര പൊലീസ് . HW News Network ലെ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്കെതിരെയാണ് കേസ്. വി എച്ച് പി നൽകിയ പരാതിയിലാണ് നടപടി

രാജ്യ തലസ്ഥാനമായ ദില്ലിയിൽ നിന്ന് എത്തിയ ഇവരെ ഹോട്ടൽ മുറിയിൽ തന്നെ പൊലീസ് കസ്റ്റഡിയിലാക്കിയിരിക്കുകയാണ്. ഇരുവരും ഇന്ന് ദില്ലിക്ക് തിരികെ എത്താനിരിക്കെയാണ് പൊലീസ് നടപടി. സംസ്ഥാനത്തെ പാനിസാ​ഗറിൽ മുസ്ലീം പള്ളിയും കടകളും തകർത്ത സംഭവത്തിൽ റിപ്പോർട്ട് നൽകിയ മാധ്യമ പ്രവർത്തകരാണിവർ .

പക്ഷെ ഈ പള്ളി തകർത്തിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. വടക്കൻ ത്രിപുരയിലെ പാനിസാ​ഗർ ചംതില്ല പ്രദേശത്ത് ഒക്ടോബർ 26നാണ് അക്രമം നടന്നത്. ബം​ഗ്ലാദേശിൽ ​ദുർ​ഗ പൂജക്കിടെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയാണ് സംഭവം.