മുന്‍ മിസ് കേരള ഉൾപ്പെടെയുള്ള മോഡലുകളുടെ അപകട മരണം; കാരണം മത്സരയോട്ടം

single-img
14 November 2021

കൊച്ചിയിൽ മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്നുപേര്‍ മരിക്കാനിടയായ വാഹനാപകടം മദ്യലഹരിയില്‍ നടത്തിയ മത്സരയോട്ടത്തില്‍ തന്നെയെന്ന് പൊലീസിന് മൊഴി. തങ്ങൾ മത്സരയോട്ടം നടത്തിയെന്ന് ഔഡി ഡ്രൈവര്‍ ഷൈജുവാണ് പൊലീസിനോട് സമ്മതിച്ചത്. ആദ്യം ഹോട്ടലില്‍ നിന്ന് തമാശയ്ക്കാണ് മത്സരയോട്ടം ആരംഭിച്ചത്.

തുടർച്ചയായി രണ്ടു തവണ അന്‍സിയും സംഘവും ഉള്‍പ്പെട്ട വാഹനമോടിച്ച അബ്ദുള്‍ റഹ്മാന്‍ തന്നെ ഓവര്‍ ടേക്ക് ചെയ്തു.ഇതിനിടയിൽ ഒരു തവണ താനും അവരെ ഓവര്‍ ടേക്ക് ചെയ്‌തെന്ന് ഷൈജു പൊലീസിന് മൊഴി നല്‍കി. എന്നാൽ ഇടപ്പള്ളി എത്തിയപ്പോള്‍ മോഡലുകള്‍ സഞ്ചരിച്ച വാഹനം കണ്ടെത്താന്‍ സാധിച്ചില്ല.

ഇതിനെ തുടര്‍ന്ന് തിരികെ വന്നപ്പോഴാണ് അവരുടെ കാര്‍ അപകടത്തില്‍പ്പെട്ടത് കണ്ടത്. ഉടന്‍ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം അറിയിച്ചിരുന്നെന്നും ഷൈജു പോലീസിൽ മൊഴി നല്‍കി. പക്ഷെ പാര്‍ട്ടി കഴിഞ്ഞു മടങ്ങുമ്പോള്‍ ഔഡി കാര്‍ തങ്ങളെ പിന്തുടരുകയായിരുന്നുവെന്നാണ് അബ്ദുള്‍ റഹ്മാന്‍ പൊലീസിന് മൊഴി നല്‍കിയത്. ഈ സാഹചര്യത്തിലാണ് ഔഡി കാര്‍ ഓടിച്ച ഷൈജുവിനെ വിശദമായി ചോദ്യം ചെയ്തത്.

ഷൈജുവിന്റെ ചോദ്യം ചെയ്യല്‍ ഏഴു മണിക്കൂറോളം നീണ്ടു നിന്നു. നേരത്തെ ഷൈജുവിനെ ചോദ്യം ചെയ്തപ്പോള്‍ മദ്യപിച്ച് വാഹനമോടിച്ചതിന് മുന്നറിയിപ്പ് നല്‍കാനാണ് പിന്നാലെ പോയതെന്നാണ് പൊലീസിനോട് പറഞ്ഞത്. വീണ്ടും ചോദ്യം ചെയ്തപ്പോഴും സൈജു ഈ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. എന്നാല്‍ അന്വേഷണത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് മത്സരയോട്ടം നടന്ന വിവരം ഷൈജു സമ്മതിച്ചത്.