വിദ്യാർത്ഥികളുടെ ഹോസ്റ്റൽ പോലെ പശുക്കൾക്കും സർവകലാശാല സൗകര്യം ഒരുക്കണം: കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല

single-img
13 November 2021

സർവകലാശാല അതിന്റെ ക്യാംപസിൽ പശുക്കൾക്ക് താമസിക്കാൻ അഭയകേന്ദ്രമൊരുക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല. മധ്യപ്രദേശിലുള്ള സാഗറിലെ ഡോ ഹരിസിങ് ഗൗർ സെൻട്രൽ യൂണിവേഴ്‌സിറ്റി അധികൃതരോടാണ് മന്ത്രി ഇത്തരത്തിൽ നിർദ്ദേശം നൽകിയത്.

പശുക്കൾ മനുഷ്യർക്ക് ഐശ്വര്യത്തിന്റെ അടയാളമാമാണെന്നും മന്ത്രി പറഞ്ഞു. ‘നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം അനുസരിച്ച് നാൽക്കാലികൾ ഐശ്വര്യത്തിന്റെ അടയാളമാണ്. പ്രകൃത്യാ എല്ലാ തലത്തിലുമുള്ള ക്ഷേമവും പ്രദാനം ചെയ്യുന്ന പരമ്പരാഗത സ്വത്താണത്. വിദ്യാർത്ഥികളുടെ ഹോസ്റ്റൽ പോലെ പശുക്കൾക്കും വലിയ കേന്ദ്രമൊരുക്കുന്നത് സർവകലാശാല പരിഗണിക്കണം. മന്ത്രാലയം അക്കാര്യത്തിൽ സഹായിക്കും’ – അദ്ദേഹം പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ ഇത്തരത്തിൽ പശു ഹോസ്റ്റലുകൾ ആരംഭിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ സംസാരിച്ച വൈസ് ചാൻസലർ നീലിമ ഗുപ്ത മന്ത്രിയുടെ നിർദേശം പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്തു.