വസ്ത്രങ്ങള്‍ക്ക് ലിംഗഭേദമില്ല; എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരു ദിവസം പാവാട ധരിക്കാൻ ആവശ്യപ്പെട്ട് ഒരു സ്‌കൂൾ

single-img
11 November 2021

സ്‌കോട്ട്ലന്‍ഡിലുള്ള എഡിന്‍ബര്‍ഗിലെ ഒരു സ്‌കൂള്‍ സമീപ ദിവസങ്ങളിൽ വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു. ലിംഗസമത്വം സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി, ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികളോടും ഒരു ദിവസം പാവാട ധരിച്ച് സ്‌കൂളിലെത്താന്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടതാണ് ഇതിനുള്ള കാരണം.

ഈ മാസം 4 സ്‌കൂളില്‍ പാവാട ധരിച്ചെത്തുന്ന ദിനമായി ആചരിക്കുന്ന സ്‌പെയിനിന്റെ പാത പിന്തുടര്‍ന്നാണ് കാസില്‍വ്യൂ പ്രൈമറി സ്‌കൂളും വിദ്യാര്‍ത്ഥികളോട് പാവാട ധരിച്ചെത്താന്‍ ആവശ്യപ്പെട്ടതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തങ്ങളുടെ കുട്ടികള്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ പാവാട ധരിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആവശ്യമാണെങ്കിൽ ട്രൗസറുകളും ലെഗ്ഗിന്‍സുകളും പാവാടയ്ക്ക് കീഴില്‍ ധരിക്കാമെന്നും കാസില്‍വ്യൂ സ്‌കൂള്‍ മാനേജ്മെന്റ് രക്ഷിതാക്കള്‍ക്ക് അയച്ച ഇ-മെയിലില്‍ അറിയിച്ചു.

ഏതെങ്കിലും കാരണത്താൽ പാവാട ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അത് ലഭ്യമാക്കാമെന്നും സ്‌കൂള്‍ വാഗ്ദാനം ചെയ്തു. അധ്യാപകര്‍ക്കും പാവാട ധരിക്കാമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. വസ്ത്രങ്ങള്‍ക്ക് ലിംഗഭേദമില്ലെന്നും ഇഷ്ടമുള്ള വിധത്തില്‍ വസ്ത്രം ധരിക്കാന്‍ നമുക്കെല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടാകണമെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് തങ്ങളുടെ ഉദ്ദേശമെന്ന് സ്‌കൂള്‍ മാനേജ്മെന്റ് പറയുന്നു.