മുൻ മിസ് കേരളയും റണ്ണറപ്പും കൊല്ലപ്പെട്ട കാറപകടം; മരണം മൂന്നായി

single-img
8 November 2021

കൊച്ചി പാലാരിവട്ടത്തെ മുൻ മിസ് കേരളയും റണ്ണറപ്പും കൊല്ലപ്പെട്ട കാറപകടത്തിൽ മരണം മൂന്നായി. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കെ എ മുഹമ്മദ് ആഷിക് ആണ് മരിച്ചത്. കാറോടിച്ച അബ്ദുൾ റഹ്മാൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ ചികിത്സയിലാണ്.

ഈ മാസം ഒന്നാം തീയതി എറണാകുളം ബൈപ്പാസിൽ വൈറ്റിലയിലാണ് അപകടമുണ്ടായത്.അപകടത്തിൽ പെട്ടവർ സ‌ഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. മുൻ മിസ് കേരള അൻസി കബീർ, റണ്ണർ അപ്പ് അഞ്ജന ഷാജൻ എന്നിവർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.

അപകടത്തിൽ കാർ പൂർണ്ണമായി തകർന്നുപോയി. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ്, അബ്ദുൾ റഹ്മാൻ എന്നിവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിൽ മുഹമ്മദ് ആഷിഖാണ് ഇന്ന് പുലർച്ചെയോടെ മരിച്ചത്. 2019-ൽ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലങ്കോട് സ്വദേശി അൻസി കബീർ. ഇതേ മത്സരത്തിലെ റണ്ണർ അപ് ആയിരുന്നു ആയുർവേദ ഡോക്ടർ ആയ തൃശ്ശൂർ ആളൂർ സ്വദേശി അഞ്ജന ഷാജൻ.