ആളുകൾക്ക് നേർച്ചയിടാൻ കാളയുടെ നെറ്റിയിൽ തൂക്കിയത് യുപിഐ സ്‌കാനിങ് കോഡ്; സോഷ്യൽ മീഡിയ ആഘോഷമാക്കി ‘ഡിജിറ്റൽ ഇന്ത്യ’

single-img
7 November 2021

ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ ഗ്രാമപ്രദേശങ്ങളിൽ സാധാരണക്കാർക്കിടയിലും സർവ്വസാധാരണമായിത്തുടങ്ങിയെന്ന് തെളിയിക്കുന്ന രസകരമായൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഈ വീഡിയോ മഹീന്ദ്രഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉൾപ്പടെ പലരും ഇതിനോടകം തന്നെ ഷെയർ ചെയ്തുകഴിഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്,തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നടത്തുന്ന ഗംഗിരെദ്ദു ആചാരത്തിന്‍റെ ഭാഗമായി ഒരു വീട്ടിലെത്തിയ നാദസ്വരം വായിക്കുന്നൊരു കലാകാരനും ഒരു കാളയുമാണ് വീഡിയോയിൽ കാണാനാകുന്നത് .

ഈ കാളയുടെ നെറ്റിയിൽ തൂക്കിയിട്ടിരിക്കുന്ന ആഭരണത്തിൽ ഒരു യുപിഐ സ്‌കാനിങ് കോഡ് കെട്ടിത്തൂക്കിയിട്ടുണ്ട്. കാളയോടൊപ്പം ഉള്ളയാൾ നാദസ്വരം വായിച്ച് കഴിഞ്ഞാൽ കാളയുടെ അനുഗ്രഹം വാങ്ങി പണം നൽകിയാൽ ആഗ്രഹ സഫലീകരണമുണ്ടാവുമെന്നാണ് ഈ ആചാരത്തിന് പിന്നിലെ വിശ്വാസം.

വീഡിയോയിൽ കലാകാരൻ നാദസ്വരം വായിക്കുമ്പോൾ ഒരാൾ കാളയുടെ നെറ്റിയിൽ തൂക്കിയിട്ടിരിക്കുന്ന ക്യുആർകോഡ് സ്‌കാൻ ചെയ്ത് പണം നൽകി കാളയുടെ അനുഗ്രഹം വാങ്ങുന്നത് കാണാൻ സാധിക്കും. ഇന്ത്യയിൽ വളരെ വലുതായി തന്നെ ഡിജിറ്റൽ പേയ്‌മെന്‍റുകള്‍ നടക്കുന്നുണ്ട് എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ എന്ന തലക്കെട്ടിന് താഴെയാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.