അഞ്ചല്ല അമ്പത് സിനിമകൾ ഒ ടി ടിയിൽ പോയാലും തിയേറ്ററുകൾ നിലനിൽക്കും: ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ

single-img
7 November 2021

ദുൽഖർ സൽമാൻ നായകനായ കുറുപ് സിനിമ സംസ്ഥാനത്തെ 450 സ്ക്രീനിൽ രണ്ടാഴ്ച കളിക്കുമെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ. അഞ്ചല്ല അമ്പത് സിനിമകൾ ഒ ടി ടിയിൽ പോയാലും തിയറ്ററുകൾ നിലനിൽക്കുമെന്നും സിനിമയോ സിനിമ തിയറ്ററുകളോ ഒരു കാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നിലനിൽക്കുന്നതെന്നും വിജയകുമാർ പറഞ്ഞു.

പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാർ ഉൾപ്പെടെ മോഹൻലാലിന്റെ അഞ്ച് സിനിമകൾ ഒ ടി ടിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതിനുള്ള മറുപടിയായാണ് ഫിയോക് പ്രസിഡന്റ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കുറുപ്പിന്റെ സംസ്ഥാനത്തെ തിയറ്റര്‍ റിലീസിനോട് അനുബന്ധിച്ച് സിനിമയുടെ അണിയറക്കാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിജയകുമാര്‍ സംസാരിച്ചത്. കേരളത്തിലുള്ള സിനിമാ തിയേറ്ററുകൾ സമീപകാലത്ത് കാത്തിരുന്നതും ഒരുങ്ങിയതും മരക്കാറിന് വേണ്ടിയല്ല, കുറുപ്പിനു വേണ്ടിയാണ് – ഏറെ പ്രതീക്ഷയോടെയാണ് തിയറ്റർ ഉടമകൾ കുറുപ്പിനെ കാണുന്നതെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.

മാത്രമല്ല, റിലീസുമായി ബന്ധപ്പെട്ട് തിയറ്റർ ഉടമകളുടെ മുന്നിൽ കുറുപ് നിർമാതാക്കൾ ഉപാധികളൊന്നും മുന്നോട്ടു വെച്ചിരുന്നില്ലെന്നും പരമാവധി പിന്തുണയ്ക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്നും വിജയകുമാർ പറഞ്ഞു.