പൂജാ ചടങ്ങിൽ ചാട്ടവാറടി ഏറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ നന്മയ്ക്ക് എന്ന് പ്രതികരണം

single-img
5 November 2021

ഗോവര്‍ധന്‍ പൂജയുടെ ഭാഗമായി നടന്ന ചടങ്ങിൽ പൊതുജനമധ്യത്തില്‍ ചാട്ടവാറടി ഏറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഇതിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേള്‍ കൈ നീട്ടി പിടിച്ചിരിക്കുന്നതും, ഒരാള്‍ എട്ടുതവണം അടിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാൻ സാധിക്കും.

കൈകളിൽ ഏറ്റുവാങ്ങിയ ചാട്ടവാറടിക്ക് ശേഷം തന്നെ അടിച്ചയാളെ മുഖ്യമന്ത്രി ആലിംഗനം ചെയ്യുന്നതും കാണാം. സംസ്ഥാനത്തെ ജഞ്ച്ഗിരി എന്ന ഗ്രാമത്തിലാണ് ചടങ്ങ് നടന്നത്. ഇവിടെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എല്ലാ വര്‍ഷവും ചടങ്ങില്‍ പങ്കെടുക്കാറുണ്ടെന്നാണ് വിവരം.

അതേസമയം, ഈ ചടങ്ങു വളരെ ജനപ്രിയവും വളരെയധികം സന്തോഷം നല്‍കുന്നതാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ നടക്കുന്ന ഈ ആചാരം കര്‍ഷകരുടെ നന്മയ്ക്കായാണ് കൊണ്ടാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ, സംസ്ഥാനത്തിന്റെ നന്മയ്ക്കായാണ് മുഖ്യമന്ത്രി ചാട്ടവാറടി ഏറ്റുവാങ്ങിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സംസ്ഥാനത്തെ എല്ലാ പ്രതിസന്ധികള്‍ക്കും അറുതി വരണേ എന്ന് പ്രാര്‍ത്ഥിച്ചാണ് അദ്ദേഹം ചാട്ടവാറടി ഏറ്റുവാങ്ങുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെടുന്നുണ്ട്.