പ്രതിഷേധിക്കുന്നത് ഒരു പണിയുമില്ലാത്ത മദ്യപാനികൾ; വിവാദ പ്രസ്താവന നടത്തിയ ബിജെപി എംപിയുടെ കാർ തകർത്ത് കർഷകർ

single-img
5 November 2021

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി രാജ്യസഭ എംപി രാംചന്ദർ ജംഗ്രയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ഹരിയാനയിലെ ഹിസാർ ജില്ലയിൽ ധർമശാല ഉദ്ഘാടനം ചെയ്യാനെത്തിയ എംപിയെ കർഷകർ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.

ഇതിനിടെ എം.പിയുടെ കാറിന്റെ ചില്ലുകളും തകർത്തു. പ്രതിഷേധത്തിന്റെ ഭാഗമായി കർഷകർ സംഭവസ്ഥലത്ത് മുദ്രാവാക്യം വിളികളുമായി ഒത്തുകൂടുകയും കരിങ്കൊടി ഉയർത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം രോഹ്തകിലും എംപിക്ക് നേരെ കർഷകർ പ്രതിഷേധിച്ചിരുന്നു.

പരിപാടിക്കിടെ കർഷക സമരത്തെക്കുറിച്ച് എംപി നടത്തിയ പരാമർശമാണ് പ്രതിഷേധത്തിന് കാരണമായത്. സമരം നടത്തുന്നത് കർഷകരല്ലെന്നും ഒരു പണിയുമില്ലാത്ത മദ്യപാനികളാണെന്നുമായിരുന്നു പ്രസ്താവന. സമരം ചെയ്യുന്നവരെ ജനങ്ങൾ കൈകാര്യം ചെയ്യണമെന്നും പറഞ്ഞിരുന്നു. കാർ തകർത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് ചില കർഷകരെ അറസ്റ്റ് ചെയ്തു.

സ്ഥലത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കർഷകരെ തടയാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. തുടർന്ന് കർഷകർ മുദ്രാവാക്യം വിളികളുമായി ഉദ്ഘാടന വേദിക്ക് സമീപത്തേക്ക് പ്രവേശിക്കുകയായിരുന്നു. എംപിയുടെ അനുയായികളും സംഭവ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.