മാനനഷ്ട കേസിന് പോകുമെന്ന കെ സുധാകരന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: നികേഷ് കുമാർ

single-img
4 November 2021

റിപ്പോർട്ടർ ചാനൽ വ്യാജ വാർത്തകൾ നൽകി എന്ന ആരോപണവുമായി മാനനഷ്ട കേസിന് പോകുമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി റിപ്പോര്‍ടര്‍ ടിവി എംഡി എംവി നികേഷ്‌കുമാര്‍. രണ്ട്‌ കാരണങ്ങൾ ആണ് കുറിപ്പിൽ സുധാകരൻ വിശദീകരിക്കുന്നത് . ഒന്ന് : മോൻസൻ മാവുങ്കലുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചതിന് . ഇക്കാര്യത്തിൽ സുധാകരന്റെ നോട്ടീസ് കിട്ടട്ടെ . മറുപടി അപ്പോൾ നൽകാമെന്നും നികേഷ് പറയുന്നു.

ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു നികേഷിന്റെ പ്രതികരണം. ടോണി ചമ്മണി ഒളിവിൽ എന്ന ‘വ്യാജ വാർത്ത’ നൽകിയതിന് – ഈ വാർത്ത നൽകിയത് വി എസ് ഹൈദരലി എന്ന കൊച്ചി റിപ്പോർട്ടറാണ്. ഇക്കാര്യം പോലീസിനോട് അന്വേഷിച്ച് സ്ഥിരീകരിച്ചു എന്നാണ് ഹൈദരലി നൽകുന്ന വിശദീകരണം . പ്രതികളെ തിരയുന്ന കാര്യത്തിൽ പോലീസ് അല്ലേ സോഴ്സ് എന്നും നികേഷ് ചോദിക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

മാനനഷ്ട കേസിന് പോകുമെന്ന കെ സുധാകരന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു . രണ്ട്‌ കാരണങ്ങൾ ആണ് കുറിപ്പിൽ സുധാകരൻ വിശദീകരിക്കുന്നത് .

ഒന്ന് : മോൻസൻ മാവുങ്കലുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചതിന് . ഇക്കാര്യത്തിൽ സുധാകരന്റെ നോട്ടീസ് കിട്ടട്ടെ . മറുപടി അപ്പോൾ നൽകാം . വിശദമായി പറയാനുള്ള കാര്യം അതിലുണ്ട് . മറുപടി എല്ലാ കാര്യങ്ങളും പറയാനുള്ള അവസരവുമാകും .

രണ്ട് : ടോണി ചമ്മണി ഒളിവിൽ എന്ന ‘വ്യാജ വാർത്ത’ നൽകിയതിന് . ഈ വാർത്ത നൽകിയത് വി എസ് ഹൈദരലി എന്ന കൊച്ചി റിപ്പോർട്ടറാണ്. ഇക്കാര്യം പോലീസിനോട് അന്വേഷിച്ച് സ്ഥിരീകരിച്ചു എന്നാണ് ഹൈദരലി നൽകുന്ന വിശദീകരണം . പ്രതികളെ തിരയുന്ന കാര്യത്തിൽ പോലീസ് അല്ലേ സോഴ്സ് . സി ഐയുമായി ഹൈദരലി സംസാരിച്ചത് ടി വിയിൽ ഞങ്ങൾ കാണിക്കുന്നുണ്ട് .

ഇനി എം വി രാഘവനോടുള്ള അങ്ങയുടെ സ്നേഹത്തിന്റെ കാര്യം . ഒരിക്കൽ ടി വിയിലും താങ്കൾ ഇത് പറഞ്ഞു . ‘ ഞാൻ ആണ് എം വി രാഘവനെ സംരക്ഷിച്ചത് ‘ എന്ന് . എന്നോടാണ് ഇത് പറഞ്ഞത് എന്ന ബോധ്യം താങ്കൾക്ക് ഉണ്ടായിരുന്നോ?

അന്നുണ്ടായ അതിശയം ഇപ്പോഴും മാറിയിട്ടില്ല .
തൊണ്ണൂറുകളിലേക്ക് നമുക്കൊന്ന് തിരിച്ചു പോകാൻ അവസരം ഉണ്ടോ ? ആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തിൽ ഒരു തുറന്ന സംവാദം ആയാലോ ? സ്ഥലവും തീയതിയും അങ്ങയുടെ സൗകര്യം .
മറുപടി പ്രതീക്ഷിക്കുന്നു.