ഗ്ളാസ്ഗോ കാലാവസ്ഥാ ഉച്ചകോടിയിലെ ഭക്ഷണ മെനുവിനെതിരെ വിമര്‍ശം

single-img
4 November 2021

ഗ്ലാസ്‌ഗോയിൽ നടന്ന ലോക കാലാവസ്ഥാ ഉച്ചകോടിയിലെ ഭക്ഷണ മെനുവിനെതിരെ വ്യാപക വിമര്‍ശം. ശ്വാസകോശ അര്‍ബുദത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ സിഗരറ്റുകള്‍ വിതരണം ചെയ്യുന്നതു പോലെയാണ് ഉച്ചകോടിയിൽ ഭക്ഷണ മെനുവെന്നാണ് വിമര്‍ശകരുടെ പ്രധാന ആരോപണം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ കാലാവസ്ഥ ഉച്ചകോടിയിലെ മെനു അത്രത്തോളം പരിസ്ഥിതി വിരുദ്ധമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇവിടെ വിതരണം ചെയ്ത എല്ലാ വിഭവങ്ങള്‍ക്കും ഉയര്‍ന്ന കാര്‍ബണ്‍ ഫുട്ട്പ്രിന്റാണെന്നും പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഉച്ചകോടിയുടെ അന്തസത്തയെ തകര്‍ക്കുന്നതാണ് ഇതെന്നും വിമര്‍ശകര്‍ പറയുന്നു.

ഡബ്ല്യു.ഡബ്ല്യു.എഫിന്റെ നിര്‍ദേശപ്രകാരം ആഹാര പദാര്‍ഥങ്ങള്‍ക്ക് 0.5 Kg co2e താഴെ മാത്രമെ കാര്‍ബണ്‍ ഫുട്ട്പ്രിന്റ് പാടുള്ളൂ. എന്നാൽ ഇവിടെ എത്തിച്ച വിഭവങ്ങളില്‍ ഏറിയ പങ്കും സ്‌കോട്ട്‌ലന്‍ഡില്‍ നിന്നുള്ള ഇറച്ചികളും മറ്റുമായിരുന്നു. നിലവിൽ സ്വീഡിഷ് സ്റ്റാര്‍ട്ട് അപ്പായ ക്ലിമാറ്റോയുമായി സഹകരിച്ച് ഭക്ഷങ്ങളുടെയെല്ലാം കാര്‍ബണ്‍ ഫുട്ട് പ്രിന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറഞ്ഞ കാര്‍ബണ്‍ ഫുട്ട് പ്രിന്റുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആളുകളെ സഹായിക്കുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘടന പറയുന്നുണ്ടെങ്കിലും ഉയര്‍ന്ന കാര്‍ബണ്‍ ആഹാരങ്ങള്‍ ആര് കഴിക്കുമെന്ന് കാര്യത്തില്‍ വ്യക്തതയില്ല.

‘കോപ് 26 കാറ്ററിംഗ് മെനുവില്‍ മാംസം, സമുദ്രവിഭവങ്ങള്‍, പാലുത്പന്നങ്ങള്‍ എന്നിവ തികച്ചും അശ്രദ്ധമായി ഉള്‍പ്പെടുത്തിയത് കാലാവസ്ഥാ പ്രതിസന്ധിയുടെ മൂലകാരണം മനസ്സിലാക്കുന്നതില്‍ യു.കെ സര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടുന്നു’ ആനിമന്‍ റിബല്ലിയന്‍ എന്ന ക്യാംപയിന്‍ ഗ്രൂപ്പിന്റെ സ്പോക്ക്സ് പേഴ്സണ്‍ ജോയല്‍ സ്‌കോട്ട് പറഞ്ഞു. യുക്തിപരമായിട്ടുള്ള തീരുമാനങ്ങള്‍ എടുക്കാത്തതിടത്തോളം കാലം കാലാവസ്ഥാ വ്യതിയാനം ഒരിക്കലും മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സാല്‍മന്‍ ആന്‍ഡ് കണ്‍സര്‍വേഷന്‍ ട്രസ്റ്റും കോണ്‍ഫറന്‍സില്‍ വിളമ്പിയ സാല്‍മണിന്റെ സുസ്ഥിരതയെയും ചോദ്യം ചെയ്തിട്ടുണ്ട്. കോണ്‍ഫറന്‍സില്‍ 41 ശതമാനം വരുന്ന ഭക്ഷപദാര്‍ത്ഥങ്ങളും ഇറച്ചിയെയോ മീനിനെയോ അടിസ്ഥാനമാക്കിയതാണ്. 17 ശതമാനം പാല്‍ ഉത്പന്നങ്ങളാണ്