ജോജുവിനെതിരായ അതിക്രമത്തിൽ കൂടുതല്‍ കോൺഗ്രസ് നേതാക്കള്‍ കുടുങ്ങും; കർശന നിലപാടുമായി പോലീസ്

single-img
2 November 2021

ഇന്ധന വില വർദ്ധനവിനെതിരെ കൊച്ചിയിൽ കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം ആക്രമിച്ച കേസില്‍ നടപടികള്‍ കടുപ്പിച്ച് പൊലീസ്. ജോജു നൽകിയ പരാതിയില്‍, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയെടുത്ത കേസില്‍ കൂടുതല്‍ കോൺഗ്രസ് നേതാക്കളെ പ്രതിചേര്‍ക്കും.

ഇതോടൊപ്പം പോലീസ് ജോജുവിനൊപ്പം വാഹനത്തിലുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും. ജോജുവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇന്ന് മൊഴിയെടുക്കും എന്നാണ് വിവരം. വാഹനം ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ജോജുവിനെ കാണിച്ച ശേഷമാകും ആവശ്യമെങ്കില്‍ കൂടുതല്‍ നേതാക്കളെ പ്രതി ചേര്‍ക്കുക.

റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജിനെ ഷർട്ടിൽ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്നും അക്രമത്തിനു നേതൃത്വം കൊടുത്തത് കൊച്ചി മുൻ മേയർ ടോണി ചമ്മിണിയാണെന്നുമാണ് മരട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനാൽ ടോണി ചമ്മിണിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകും എന്നാണ് ലഭ്യമാകുന്ന വിവരം .

എന്നാൽ, തനിക്കെതിരെ കള്ളക്കേസ് ആണ് രജിസ്റ്റർ ചെയ്തതെന്നും നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്നും ടോണി ചമ്മിണി പറഞ്ഞു . ജോജു വനിതാ പ്രവര്‍ത്തകരോടു മോശമായി സംസാരിച്ചെന്ന മഹിളാ കോണ്‍ഗ്രസിന്റെ പരാതിയില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു.