രണ്ട് ദശാബ്ദത്തെ ഇടത് ബന്ധത്തിന് വിരാമം; കോൺ​ഗ്രസ് അം​ഗത്വം സ്വീകരിച്ച് ചെറിയാൻ ഫിലിപ്പ്

single-img
2 November 2021

രണ്ട് ദശാബ്ദത്തെ ഇടത് ബന്ധത്തിന് അവസാനം കുറിച്ചുകൊണ്ട് ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസിൽ തിരിച്ചെത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനിൽ നിന്നും ചെറിയാൻ ഫിലിപ്പ് അഞ്ച് രൂപ നൽകി അം​ഗത്വം സ്വീകരിച്ചു.

ചടങ്ങിൽ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വിഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ധീഖ്, പിടി തോമസ് എന്നിവരും പങ്കെടുത്തു. കോൺഗ്രസിലേക്ക് ചെറിയാൻ ഫിലിപ്പിനെ രണ്ട് കൈയും നീട്ടി കോൺ​ഗ്രസിലേക്ക് സ്വാ​ഗതം ചെയ്യുന്നതായി സ്വീകരണ ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.

അതേസമയം,പാലിൽ വെള്ളം ചേർത്ത് പാൽ ഇല്ലാതായത് പോലെ സിപിഎമ്മിൽ മാ‍ർക്സിസമില്ലാതായെന്ന് മറുപടി പ്രസം​ഗത്തിൽ ചെറിയാൻ ഫിലിപ്പ് പറഞ്ഞു. സിപിഎമ്മിന് കോൺഗ്രസുമായി സഖ്യമുണ്ടാക്കാമെങ്കിൽ തനിക്ക് കോൺ​ഗ്രസിലേക്ക് മടങ്ങിപ്പോകുകയുമാവാം. കോൺഗ്രസിന് കാലാവസ്ഥാമാറ്റം വന്നപ്പോഴുള്ള ജലദോഷം മാത്രമാണ് ഇപ്പോഴുള്ളത്. എന്നാൽ സിപിഎമ്മിന് കാൻസറാണ്. ഇവിടെ എല്ലാവരും ഒരുമിച്ച് നിന്നാൽ കോൺഗ്രസ് തിരിച്ച് വരുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.