ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കെട്ടിവെച്ച കാശ് നഷ്ടം; നാല് മണ്ഡലങ്ങളിലും വിജയവുമായി തൃണമൂൽ

single-img
2 November 2021

ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ ആറ് മാസം മുമ്പ് ബി ജെ പി വിജയിച്ച രണ്ട് സീറ്റുകളടക്കം നടന്ന നാല് മണ്ഡലങ്ങളിലും വിജയവുമായി തൃണമൂൽ കോൺഗ്രസ്. പരാജയപ്പെട്ടതിൽ മത്സരിച്ച മൂന്ന് മണ്ഡലങ്ങളിലും ബിജെപിയ്ക്ക് കെട്ടിവെച്ച കാശ് പോലും ലഭിച്ചില്ലെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. സംസ്ഥാനത്തെ ദിന്‍ഹത, ശാന്തിപുര്‍, ഖര്‍ദഹ, ഗോസാബ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഇതിൽ ശാന്തിപുരിലൊഴികെ ബാക്കി മൂന്ന് സീറ്റുകളിലുമാണ് ബിജെപി യുടെ എൻഡിഎമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം പോയത്.വളരെയധികം നാണം കെട്ട തോല്‍വിയാണ് ബിജെപിയ്ക്ക് ബംഗാളിലെ ജനങ്ങള്‍ സമ്മാനിച്ചതെന്ന് തൃണമൂല്‍ എംപി ഡെറിക് ഒബ്രയാന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടന്ന ആകെ നാല് മണ്ഡലങ്ങളിലെ 75 ശതമാനം വോട്ടുകളും തൃണമൂലിന് ലഭിച്ചപ്പോൾ രണ്ടാമതായി 14.5 ശതമാനം വോട്ടാണ് ബിജെപിക്ക് കിട്ടിയത്. ഇടതുമുന്നണിയെ നയിച്ച സിപിഎമ്മിന് 7.3 ശതമാനം വോട്ട് ലഭിച്ചു.