ജോജുവിനെതിരെ തൽക്കാലം കേസില്ല; വാഹനം തല്ലിത്തകർത്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

single-img
1 November 2021

കൊച്ചിയിലെ ഇടപ്പള്ളി – വൈറ്റില ദേശീയ പാതയിൽ നടൻ ജോജു ജോർജിന്‍റെ വാഹനം തല്ലിത്തകർത്തതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. അതേസമയം, മഹിളാ കോൺഗ്രസ് പ്രവർത്തകരെ അസഭ്യം പറഞ്ഞുവെന്ന ആരോപണത്തിന് ജോജുവിനെതിരെ തൽക്കാലം കേസ് എടുക്കില്ല.

ജോജുവിനെതിരെ ലഭിച്ച പരാതിയിൽ കൂടുതൽ പരിശോധനയ്ക്ക് ശേഷമേ കേസ് റജിസ്റ്റർ ചെയ്യണോ എന്ന കാര്യം തീരുമാനിക്കൂ എന്ന് പൊലീസ് അറിയിച്ചു. വാഹനം തകർത്തതിനും ദേശീയപാത ഉപരോധിച്ചതിനുമാണ് കണ്ടാലറിയാവുന്ന പ്രവർത്തകരെ ഉൾപ്പെടുത്തി പോലീസ് കേസെടുത്തത്. സംഭവം നടക്കുമ്പോൾ ജോജു മദ്യപിച്ചിരുന്നതായി മഹിളാ കോൺഗ്രസ് ആരോപിച്ചിരുന്നു.

ആരോപണത്തെ തുടർന്ന് പൊലീസിനൊപ്പം പോയ ജോജു ജോർജ് വൈദ്യപരിശോധനയ്ക്ക് വിധേയനായി. പരിശോധനയിൽ ജോജു മദ്യപിച്ചിരുന്നില്ലെന്ന് തെളിയുകയും ചെയ്തു. ഇന്ന് രാവിലെ കോൺഗ്രസ് പ്രവർത്തകർ ഇന്ധനവില വർദ്ധനയ്ക്ക് എതിരെ നടത്തിയ സമരമാണ് ഒടുവിൽ നാടകീയ രംഗങ്ങളിൽ കലാശിച്ചത്.