മത വിദ്വേഷം വളർത്തുന്ന തരത്തിൽ വാർത്ത നൽകി; നമോ ടിവി ഉടമയും അവതാരകയും അറസ്റ്റിൽ

single-img
1 November 2021

വർഗീയ പ്രചാരണവും ഒപ്പം മത വിദ്വേഷവും വളർത്തുന്ന തരത്തിൽ വാർത്ത നൽകി എന്ന പരാതിയിൽ നമോ ടി വി ഉടമയും അവതാരകയും അറസ്റ്റിൽ. യൂടൂബ് ചാനലിന്റെ ഉടമ രഞ്ജിത്ത് ടി എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയിൽ 153 എ വകുപ്പ് ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.അതേസമയം, നേരത്തേ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഇരുവരും ഒളിവിലായിരുന്നു.

അറസ്റ്റ് ചെയ്ത ഇരുവരെയും ഇന്ന് വൈകീട്ട് തിരുവല്ല കോടതിയിൽ ഹാജരാക്കും. തിരുവല്ല നഗരം കേന്ദ്രീകരിച്ചാണ് നമോ ടിവി പ്രവർത്തിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന വർഗീയ പ്രചാരണങ്ങളിൽ സർക്കാർ യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ചാനലിനെതിരെയും അവതാരകയ്‌ക്കെതിരെയും പോലീസ് കേസെടുത്തത്.