ജോജുവിന്റെ ഭാഗത്ത് നിന്നുമുണ്ടായത് മുണ്ട് മടക്കിക്കുത്തി അടിവസ്ത്രം കാണിച്ച് സിനിമാസ്റ്റൈൽ ഷോ; ആരോപണവുമായി ഡിസിസി പ്രസിഡൻ്റ്

single-img
1 November 2021

കൊച്ചിയിൽ രാജ്യത്തെ ഇന്ധന വിലവർദ്ധനയ്ക്കെതിരായ കോൺഗ്രസിന്‍റെ ദേശീയപാത ഉപരോധത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ കോൺഗ്രസ് ഡിസിസി പ്രസിഡൻ്റ് . മുണ്ട് മടക്കിക്കുത്തി അടിവസ്ത്രം കാണിച്ചുള്ള സിനിമാസ്റ്റൈൽ ഷോയാണ് ജോജുവിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.

തങ്ങളുടെ വനിതാ പ്രവർത്തകരെ കയറിപ്പിടിക്കാൻ ശ്രമിച്ച ജോജുവിനെതിരെ പോലീസിൽ പരാതി എഴുതി നൽകിയിട്ടുണ്ട്. സഭ്യമായ രീതിയിലല്ല ജോജു പ്രതികരണം നടത്തിയതെന്നും അദ്ദേഹം പറയുന്നു.

മുഹമ്മദ് ഷിയാസിന്റെ വാക്കുകൾ ഇങ്ങിനെ: രാജ്യത്തെ ഇന്ധന വിലവർദ്ധനയ്ക്കെതിരായ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ മുണ്ട് മടക്കിക്കുത്തി അടിവസ്ത്രം കാണിച്ച് സിനിമാസ്റ്റൈൽ ഷോയാണ് ജോജു നടത്തിയത്. ഞങ്ങളുടെ വനിതാപ്രവർത്തകരെ അസഭ്യം പറയുകയും കടന്നുപിടിക്കാൻ ശ്രമം നടത്തുകയും ചെയ്തു. അദ്ദേഹം മദ്യപിച്ചിരുന്നു എന്നാണ് അറിയാൻ സാധിച്ചത്.

ജോജുവിൻ്റെ വാഹനത്തിൽ മദ്യക്കുപ്പിയുണ്ടായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. മാന്യമായ പ്രതികരണം നടത്താമായിരുന്നു. സിനിമാസ്റ്റൈൽ ഷോ കോൺഗ്രസിനോട് വേണ്ട. കോൺഗ്രസ് മാന്യമായി നടത്തിയ പ്രതിഷേധത്തിൽ 1500 ലേറെ പേരാണ് വാഹനങ്ങളുമായി പങ്കെടുത്തത്. ആർക്കെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. ജോജു ജോർജിൻ്റെ പ്രകടനം ജനം വിലയിരുത്തട്ടെ.