ടി20 ലോകകപ്പ്: ഇന്ത്യയുടെ സെമി മോഹങ്ങള്‍ക്ക് തിരിച്ചടി; എട്ട് വിക്കറ്റിന്‍റെ വൻ വിജയവുമായി ന്യൂസിലന്‍ഡ്

single-img
31 October 2021

യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യൻ ടീമിന്റെ സെമി മോഹങ്ങള്‍ക്ക് തിരിച്ചടിയായി എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയവുമായി ന്യൂസിലന്‍ഡ് . ഇന്ന് നടന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 111 റണ്‍സ് വിജയലക്ഷ്യം വെറും 14.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ന്യൂസിലന്‍ഡ് മറികടക്കുകയായിരുന്നു.

മറുപടി ബാറ്റിംഗില്‍ ഡാരില്‍ മിച്ചല്‍- കെയ്‌ന്‍ വില്യംസണ്‍ സഖ്യമാണ് കിവികളെ ആയയാസം ജയിപ്പിച്ചത്. തുടക്കത്തിൽ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ(20) മത്സരത്തിന്റെ നാലാം ഓവറില്‍ ബുമ്ര, ഠാക്കൂറിന്‍റെ കൈകളിലെത്തിക്കുകയുണ്ടായി. പക്ഷെ രണ്ടാം വിക്കറ്റില്‍ ഡാരില്‍ മിച്ചല്‍-കെയ്‌ന്‍ വില്യംസണ്‍ സഖ്യം കിവികളെ പവര്‍പ്ലേയില്‍ 44ലെത്തിച്ചു.

10 ഓവറില്‍ ടീം സ്‌കോര്‍ 83 കടന്നു. എന്നാൽ, 13-ാം ഓവറില്‍ മിച്ചലിനെ(49) ബുമ്ര പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് അവസാനിച്ചത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 110 റണ്‍സെടുക്കാൻ മാത്രമേ സാധിച്ചുള്ളൂ. 19 പന്തില്‍ വെറും 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ന്യൂസിലാൻഡിനു വേണ്ടി ബോള്‍ട്ട് മൂന്നും സോധി രണ്ടും മില്‍നെയും സൗത്തിയും ഓരോ വിക്കറ്റും നേടി. തുടക്കത്തിൽ തന്നെ ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ഇന്ത്യയുടെ കിഷന്‍(4) മിച്ചലിന്‍റെ കൈകളിലെത്തി. പിന്നാലെ വന്ന രോഹിത് ശര്‍മ്മയെ അവസാന പന്തില്‍ ബൗണ്ടറിയില്‍ മില്‍നെ നിലത്തിട്ടു. പക്ഷെ ഈ ജീവന്‍ ലഭിച്ചത് മുതലാക്കാനാകാതെ പോയ രോഹിത് ശര്‍മ്മയേയും(14) നായകന്‍ വിരാട് കോലിയേയും(9) പുറത്താക്കി സോധി ഇന്ത്യൻ തകർച്ച വേഗമാക്കി. പിന്നാലെ റിഷഭ് പന്തും(12) നിരാശ സമ്മാനിച്ചു.