കറുത്ത​ അരയന്നത്തിന്റെ മാംസം കഴിക്കുക; ഭക്ഷ്യക്ഷാമം മറികടക്കാൻ പുതിയ മാര്‍ഗവുമായി ഉത്തരകൊറിയ

single-img
31 October 2021

ഉത്തരകൊറിയ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കറുത്ത അരയന്ന മാംസത്തിന്‍റെ ഉപഭോഗവും അരയന്നങ്ങളുടെ ബ്രീഡിങ്ങും ​പ്രോത്സാഹിപ്പിച്ച് ഉത്തരകൊറിയൻ അധികൃതർ. ധാരാളം പ്രോട്ടീൻ അടങ്ങിയതിനാൽ നല്ല ഭക്ഷണമെന്ന നിലയിൽ കറുത്ത​ അരയന്ന മാംസം കഴിക്കാനാണ് ഭരണകക്ഷിയുടെ കീഴിലുള്ള മാധ്യമം ആഹ്വാനം ചെയ്തത്.

‘കറുത്ത നിറമുള്ള അരയന്നത്തി​ന്‍റെ മാംസം അതീവ രുചികരവും ഔഷധമൂല്യമുള്ളതുമാണ്​,’ റോഡോങ് സിൻമുൻ പത്രം എഴുതി. കറുത്ത നിറത്തിലുള്ള തൂവലുകളുള്ള പ്രത്യേകതരം അരയന്നങ്ങളാണ്​ ബ്ലാക്ക് സ്വാന്‍ അഥവ കറുത്ത അരയന്നം എന്നറിയപ്പെടുന്നത്. ലോകത്തിൽ ആസ്ട്രേലിയയുടെ തെക്കുകിഴക്കൻ, തെക്കുപടിഞ്ഞാറൻ മേഖലകളിലാണ് ഈ പക്ഷികൾ പ്രധാനമായും കാണപ്പെടുന്നതെങ്കിലും ഉത്തരകൊറിയയിലും ഇവ കൂടുതലായുണ്ട്.

കഴിഞ്ഞ ദിവസം 2025 വരെ രാജ്യത്തെ പൗരന്മാർ ഭക്ഷണം നിയന്ത്രിക്കണമെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ ഉത്തരവിട്ടിരുന്നു. രാജ്യത്തെ ശേഷിക്കുന്ന ഓരോ അരിമണിയും സുരക്ഷിതമായി ശേഖരിച്ചുവെക്കാനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്താനുമാണ് അദ്ദേഹം നൽകിയ നിര്‍ദേശം. കോവിഡ് വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രാജ്യത്തിന്റെ എല്ലാ അതിർത്തികളും അടച്ചതാണ് ​ഉത്തരകൊറിയ ഇപ്പോൾ നേരിടുന്ന ഭക്ഷ്യപ്രതിസന്ധിയുടെ പ്രധാന കാരണം.