ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയം; മോഹൻലാലിന്റെ ‘മരക്കാർ’ തീയറ്ററിൽ റിലീസ് ചെയ്യില്ല

single-img
30 October 2021

പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ റിലീസ് ചെയ്യില്ല. ഇന്ന് ഫിലിം ചേംബർ നടത്തിയ ചർച്ച ആന്റണി പെരുമ്പാവൂർ മുന്നോട്ടുവച്ച മിനിമം ഗ്യാരന്റി തുക ഉൾപ്പടെയുള്ള ആവശ്യങ്ങൾ തീയറ്റർ ഉടമകൾ അംഗീകരിക്കാത്ത പശ്ചാത്തലത്തിൽ പരാജയപ്പെടുകയായിരുന്നു.

ഇതുവരെ മലയാള സിനിമയിൽ മിനിമം ഗ്യാരന്റി തുകയില്ലെന്നും മറിച്ച് അഡ്വാൻസ് നൽകാമെന്നായിരുന്നു തീയറ്റർ ഉടമകൾ സ്വീകരിച്ച നിലപാട്. അതേസമയം, ഈ ചിത്രം തീയറ്ററിൽ തന്നെ റിലീസ് ചെയ്യുന്നതിന് പരമാവധി വിട്ടുവീഴ്ചകൾ ചെയ്യാൻ എല്ലാ വിഭാഗവും തയാറാണെന്ന് ഫിയോക് പറഞ്ഞിരുന്നു. ഈ സിനിമയ്ക്കായി അഡ്വാൻസ് 10 കോടി വരെ നൽകാം എന്നാണ് ഫിയോക്കിന്റെ നിലപാട്. പക്ഷെ ഒടിടി പ്ലാറ്റ് ഫോമിൽ നിന്നും മികച്ച ഓഫർ വന്നിട്ടുണ്ടെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിക്കുകയായിരുന്നു.

മരക്കാർ തീയറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ മിനിമം ഗ്യാരാന്റി തുക നൽകണമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. പക്ഷേ അത്രയും തുക നൽകാൻ സാധിക്കില്ലെന്നും എന്നാൽ സിനിമ തീയറ്റർ റിലീസ് ചെയ്യതാൽ ഒടിടിയെക്കാൾ കൂടുതൽ തുക ലഭിക്കുമെന്നും തീയറ്റർ ഉടമകൾ അഭിപ്രായപ്പെട്ടു. പക്ഷെ ഈ അനുനയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു.