മാർപ്പാപ്പയുമായി കൂടിക്കാഴ്ച; രണ്ട് കൊവിഡ് തരംഗങ്ങളെ ഇന്ത്യ എങ്ങിനെ അതിജീവിച്ചുവെന്ന് മോദി വിശദീകരിച്ചു

single-img
30 October 2021

അന്താരാഷ്‌ട്ര ക്രൈസ്തവ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നു തങ്ങളുടേതെന്നും നിരവധി വിഷയങ്ങൾ ചർച്ചയായിയെന്നും മോദി ട്വിറ്ററില്‍ എഴുതി.

ഏകദേശം ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ കൊവിഡ് സാഹചര്യവും ചർച്ചയായി. ഇന്ത്യ രണ്ട് കൊവിഡ് തരംഗങ്ങളെ എങ്ങിനെയാണ് അതിജീവിച്ചുവെന്ന് മോദി മാർപാപ്പയോട് വിശദീകരിച്ചു. അതേസമയം, കൊവിഡിൽ ഇന്ത്യയിലുണ്ടായ മരണങ്ങളിൽ പോപ്പ് അനുശോചനം രേഖപ്പെടുത്തി.

ലോകവ്യാപകമായ കാലാവസ്ഥാ വ്യതിയാനവും ദാരിദ്ര നിർമാർജനവും ഇരുവരും ചർച്ച ചെയ്തു. ജി 20 രാജ്യങ്ങളുടെ ഉച്ചക്കോടിക്കായി ഇന്നലെ ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻസമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് മാർപാപ്പയുടെ വസതിയായ വത്തിക്കാൻ പാലസിലേക്ക് മോദി എത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയെ അനുഗമിച്ചു.