വിദേശ രാജ്യങ്ങളില്‍ നരേന്ദ്രമോദി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ മൂല്യവും അഭിമാനവും വര്‍ദ്ധിപ്പിച്ചു: അമിത് ഷാ

single-img
29 October 2021

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ മൂല്യവും അഭിമാനവും വര്‍ദ്ധിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ ദിവസം രാംബാവു മാല്‍ഗി പ്രബോധിനി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പത്ത് വര്‍ഷം തികച്ച കോണ്‍ഗ്രസ് യു പി എ സര്‍ക്കാരിലെ ക്യാബിനറ്റ് അംഗങ്ങള്‍ മോദിയെ പ്രധാനമന്ത്രിയായി അംഗീകരിച്ചില്ലെന്നും ആ സമയം നയ സ്തംഭനമുണ്ടായെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് യാതൊരുറപ്പും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല കോണ്‍ഗ്രസ് ഭരണകാലത്തെ പന്ത്രണ്ട് ലക്ഷം രൂപയുടെ അഴിമതിയും തട്ടിപ്പും മൂലം വിദേശ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന ബഹുമാനം ഏറ്റവും താഴ്ന്ന നിലയിലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനെ തുടർന്ന് ആ സമയങ്ങളിൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ സംബന്ധിച്ച നിരവധി ചോദ്യങ്ങളാണ് രാജ്യം നേരിട്ടതെന്നും ജനാധിപത്യ സംവിധാനം ഏത് നിമിഷവും തകരുന്ന നിലയിലായിരുന്നെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.ഇതിന്റെ പിന്നാലെയാണ് 2014 ലെ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പാര്‍ട്ടി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ 2019ല്‍ മോദിക്ക് ജനവിധി അനുകൂലമായി ലഭിച്ചു. 2019 ഓഗസ്റ്റ് അഞ്ചിന് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370,35എ എന്നിവ റദ്ദാക്കുകയെന്ന ചരിത്രപരമായ തീരുമാനം കൈകൊണ്ടു. രാജ്യത്തെ എല്ലാ ജനങ്ങളെയും മുന്നില്‍ കണ്ടാണ് രാമ ജന്മഭൂമി നിര്‍മിക്കുകയെന്ന തീരുമാനം അദ്ദേഹം സ്വീകരിച്ചതെന്നും ക്ഷേത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും അമിത് ഷാ അറിയിച്ചു.

ഇതിനു പുറമെ 2016ലെ നോട്ട് നിരോധനത്തെ പ്രകീര്‍ത്തിച്ച അമിത് ഷാ, രാജ്യത്തെ ഇ പേയ്മന്റിലേയ്ക്ക് നയിക്കുന്നതിനും കള്ളപ്പണ നിര്‍മാര്‍ജനത്തിനും നോട്ട് നിരോധനം സഹായിച്ചുവെന്നും അഭിപ്രായപ്പെട്ടു.