ക്രോസ് ഫിറ്റ്, മാര്‍ഷ്യല്‍ ആര്‍ട്‌സ് യോഗ; പുനീത് രാജ്കുമാറിന്റെ മരണശേഷം ചര്‍ച്ചയാകുന്നത്

single-img
29 October 2021

എല്ലാ സിനിമാസ്വാദാകരേയും ഒരുപോലെ ഞെട്ടിച്ച വിയോഗമാണ് കന്നഡ താരം പുനീത് രാജ്കുമാറിന്റേത് ഇന്ന് രാവിലെ ജിമ്മില്‍ പരിശീലനത്തില്‍ എത്തിയ അദ്ദേഹത്തിന് വര്‍ക്കൗട്ട് തുടരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് തിരിക്കുകയുമായിരുന്നു.

അതേസമയം, ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്നാണ് ലഭിക്കുന്ന വിവരം. ശരീരത്തിന്റെ ആരോഗ്യകാര്യങ്ങളില്‍ ഇത്രമാത്രം ശ്രദ്ധ വച്ചുപുലര്‍ത്തിയിരുന്ന താരത്തിന്റെ അപ്രതീക്ഷിതമായ മരണം സിനിമാലോകത്തെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. വെറും നാല്‍പത്തിയാറ് വയസാണ് പുനീതിന്.

കന്നഡ സിനിമയിൽ ‘പവര്‍സ്റ്റാര്‍’ എന്ന പേരിലറിയപ്പെടുന്ന താരം ഇതുവരെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത വ്യക്തിയായിരുന്നു. ‘ഞാന്‍ ദിവസവും രാവിലെ എഴുന്നേറ്റ ശേഷം ക്രോസ് ഫിറ്റ്, മാര്‍ഷ്യല്‍ ആര്‍ട്‌സ് യോഗ എന്നിവയെല്ലാം ചെയ്യും. എല്ലാം മിക്‌സ് ചെയ്താണ് ദിവസവും ചെയ്യുന്നത്.

എന്നാൽ ജിം പരിശീലനം യഥാര്‍ത്ഥത്തില്‍ കുറച്ചുകൂടി ലക്ഷൂറിയാണെന്ന് എനിക്ക് തോന്നാറുണ്ട്. ഒരുപാട് സ്‌പെയ്‌സ് വേണം, സൗകര്യം വേണം. ഇവ അങ്ങനെയൊന്നുമല്ല. നമുക്കിപ്പോള്‍ അടിസ്ഥാനപരമായി വേണ്ടത് ആരോഗ്യത്തോടെയിരിക്കണം എന്നത് മാത്രമാണ്. അത്യാവശ്യം പ്രതിരോധ ശക്തി വേണം. അതിന് ഇവയൊക്കെ ധാരാളം. പിന്നെ ഞാന്‍ കാര്യമായി ഡയറ്റൊന്നും നോക്കുന്നില്ല. പക്ഷേ ലോക്ഡൗണ്‍ തീരുമ്പോഴേക്ക് ഞാന്‍ പഴയപടി തന്നെ ഫിറ്റ് ആയിരിക്കും, അതാണ് ലക്ഷ്യം…’- ലോക്ഡൗണ്‍ കാലത്തെ വര്‍ക്കൗട്ടിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ പുനീത് പറഞ്ഞതാണിത്.

എന്തായാലും എത്ര ആരോഗ്യമുള്ളവരിലായാലും മറഞ്ഞിരിക്കുന്ന ഏതെങ്കിലുമൊരു സാധ്യത ഹൃദയാഘാതത്തിലേക്ക് നയിക്കാം. ഇവിടെയും അതുതന്നെയാണ് പുനീതിന്റെയും കാര്യത്തില്‍ സംഭവിച്ചതെന്ന് അനുമാനിക്കാം.