ജനസംഖ്യയുടെ പകുതിയിലധികം ആളുകൾ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചു: വീണാ ജോർജ്

single-img
28 October 2021

കേരളത്തിൽ കോവിഡ് 19 വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധികം പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന ഈ വേളയില്‍ ഇത്രയും പേര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കി സുരക്ഷിതരാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ് എന്ന് മന്ത്രി പറഞ്ഞു.

മാത്രമല്ല 94 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുമായി. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ഇപ്പോൾ ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 77.37 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 33.99 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.

സംസ്ഥാനം സ്വന്തമായി ആവിഷ്‌ക്കരിച്ച വാക്‌സിനേഷന്‍ ഡ്രൈവാണ് ഇത്ര വേഗം ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി പറയുന്നു. ഇപ്പോൾ വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 94.58 ശതമാനം പേര്‍ക്ക് (2,52,62,175) ആദ്യ ഡോസും 50.02 ശതമാനം പേര്‍ക്ക് (1,33,59,562) രണ്ടാം ഡോസും നല്‍കി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,86,21,737 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്. വാക്‌സിനേഷന്‍ ഏതാണ്ട് ലക്ഷ്യത്തോടടുക്കുകയാണ്.

നിലവിൽ പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇനി വളരെ കുറച്ച് പേര്‍ മാത്രമാണ് ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്. അവര്‍ ഉടന്‍തന്നെ തൊട്ടടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരില്‍ ചിലര്‍ കാലതാമസം വരുത്തുന്നതായാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. കോവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. എന്നാല്‍ ചിലയാളുകള്‍ 84 ദിവസം കഴിഞ്ഞും വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുന്നില്ല. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചാല്‍ മാത്രമേ പൂര്‍ണമായ ഫലം ലഭിക്കൂ. രണ്ടാം ഡോസ് വാക്‌സിന്‍ കൃത്യസമയത്ത് തന്നെ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.