ഗുജറാത്ത് കലാപക്കേസില്‍ മോദിയ്ക്ക് ക്ലീന്‍ ചിറ്റ്; വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സുപ്രീം കോടതി

single-img
27 October 2021

ഗുജറാത്ത് വർഗീയ കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി സൂക്ഷ്മമായി പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അന്വേഷണത്തിൽ മോദി ഉൾപ്പെടെയുള്ള 64 പേര്‍ക്കാണ് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നത്. വിചാരണയിൽ കീഴ്‌ക്കോടതി ഈ നടപടി ശരിവെക്കുകയും ചെയ്തിരുന്നു. ഈ നടപടിയാണ് പരിശോധിക്കുമെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചത്.

2002 ഫെബ്രുവരി 28ന് നടന്ന കലാപത്തിനിടയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എം പി എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കോടതിയിൽ സാകിയ ജഫ്രിയ്ക്കായി കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലാണ് ഹാജരായത്.

കലാപത്തിന് പിന്നാലെയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലെയും അത് അംഗീകരിച്ച മജിസ്‌ട്രേട്ട് കോടതി വിധിയിലെയും ന്യായീകരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി.ടി. രവികുമാര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.