ജലനിരപ്പ് 138 അടിയിലെത്തിയാല്‍ സ്പില്‍വേ വഴി ഒഴുക്കിക്കളയും; കേരളത്തിന് ഉറപ്പ് നൽകി തമിഴ്‌നാട്

single-img
26 October 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വരുന്ന ശനിയാഴ്ച വരെ 138 അടിയില്‍ നിലനിര്‍ത്തുമെന്ന് തമിഴ്നാടിന്റെ ഉറപ്പ്. ഇന്ന് നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയിലാണ് തമിഴ്നാടിന്റെ ഉറപ്പ് നല്‍കിയത്. ഡാമിൽ ജലനിരപ്പ് 138 അടിയിലെത്തിയാല്‍ സ്പില്‍വേ വഴി ജലം ഒഴുക്കിക്കളയും.

അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് 137 അടി കവിയാന്‍ അനുവദിക്കരുതെന്ന് തമിഴ്നാടിനോട് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടു തുറക്കേണ്ടി വന്നാല്‍ അധിക ജലം ഇടുക്കി ഡാമിന് ഉള്‍ക്കൊള്ളാനാകില്ല. ഇതിനാൽ ജലനിരപ്പ് 138 അടിയിലേക്ക് നീങ്ങിയതോടെ ഇടുക്കി ജില്ലാ ഭരണകൂടം ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

ഇപ്പോൾ 137.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. രൂക്ഷമായി തുടർന്ന മഴയ്ക്ക് താൽക്കാലിക ശമനമായതോടെ നീരൊഴുക്കിലും കുറവുവന്നു. സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും അറിയിക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.