ടി-20 ലോകകപ്പ്: വെസ്റ്റ്ഇൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയവുമായി ദക്ഷിണാഫ്രിക്ക

single-img
26 October 2021

ഇന്ന് നടന്ന ലോകകപ്പ് ടി 20 മത്സരത്തിൽ വെസ്റ്റ്ഇൻഡീസിനെതിരെ മികച്ച ജയവുമായി ദക്ഷിണാഫ്രിക്ക. ടൂർണമെന്റിലെ ആദ്യ ജയം എട്ട് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. നിലവിൽ കളിച്ച രണ്ടിലും തോറ്റ വെസ്റ്റ് ഇൻഡീസിന്റെ നില പരുങ്ങലിലായി. ആദ്യം ബാറ്റുചെയ്ത വെസ്റ്റ്ഇൻഡീസ് ഉയർത്തിയ 144 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ വെറും രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യത്തെ മറികടന്നു.

25 ബോളുകളിൽ അർദ്ധ സെഞ്ച്വറി നേടിയ എയ്ഡൻ മാർക്രമിന്റെ മികച്ച ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയുടെ രക്ഷക്കെത്തിയത്. ഇതിന് 43 റൺസുമായി റാസി വാൻ ഡെർ ഡസൻ ഉറച്ച പിന്തുണ നൽകുകയും ചെയ്യും. രണ്ടുപേരെയും പുറത്താക്കാൻ വിൻഡീസ് ബൗളർമാർക്ക് ആയില്ല. വെറും 26 പന്തിൽ നിന്ന് നാല് വൻ സിക്‌സറുകളും രണ്ട് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു മാർക്രമിന്റെ ഇന്നിങ്‌സ്.

ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് ഒമ്പത് റൺസെടുക്കുന്നതിനിടെ വീണെങ്കിലും പിന്നീട് വന്നവർ പരിക്കുകളില്ലാതെ ടീമിനെ കരകയറ്റുകയായിരുന്നു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് വെസ്റ്റ്ഇൻഡീസ് 143 റൺസ് നേടിയത്. ലെൻഡി സിമ്മൺസും എവിൻ ലെവീസും ചേർന്ന് 73 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് ഓപ്പണിങിൽ പടുത്തുയർത്തിയത്.