ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപംകൊണ്ടു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

single-img
26 October 2021

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടത് അടുത്ത 24 മണിക്കൂറിനകം ചക്രവാതച്ചുഴി ന്യൂനമർദമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.അതിന്റെ സ്വാധീനഫലമായി ഈ മാസം 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു.സംസ്ഥാനത്ത് ഇന്ന് പരക്കെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെ 11 ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.ഒക്ടോബർ മുതൽ ഡിസംബർ വരെ നീണ്ടു നിൽക്കുന്ന തുലാവർഷക്കാലം, ചുഴലിക്കാറ്റ് സീസൺ കൂടിയായതിനാൽ ഇത്തവണ കൂടുതൽ ന്യൂനമർദങ്ങൾക്കും ചുഴലിക്കാറ്റുകൾക്കും സാധ്യതയുണ്ടെന്നാണ് നിഗമനം.