കോഴിക്കോട് ബസ് ടെര്‍മിനല്‍; നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു: മന്ത്രി ആന്റണി രാജു

single-img
26 October 2021

കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോപ്ലക്‌സിന്റെ നിര്‍മ്മാണം സംബന്ധിച്ച് ചെന്നൈ ഐഐടി സ്ട്രക്ചറല്‍ എന്‍ജിനിയറിങ് വിഭാഗം മേധാവി പ്രൊഫ. അളകസുന്ദര മൂര്‍ത്തി സമര്‍പ്പിച്ച് റിപ്പോര്‍ട്ട് പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അഞ്ചംഗ വിദഗ്ധ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തി സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ എസ് ഹരികുമാര്‍ (കണ്‍വീനര്‍), ഐഐടി ഖരഗ്പൂര്‍ സിവില്‍ എന്‍ജിനിയറിങ് വിഭാഗം മേധാവി പ്രൊഫ. നിര്‍ജര്‍ ധംങ്, കോഴിക്കോട് എന്‍ഐറ്റി സ്ട്രക്ചറല്‍ എന്‍ജിനിയറിങ് വിഭാഗം സീനിയര്‍ പ്രൊഫ. ഡോ. റ്റി. എം. മാധവന്‍ പിള്ള, പൊതുമരാമത്തു വകുപ്പ് ബില്‍ഡിംഗ്‌സ് ചീഫ് എന്‍ജിനിയര്‍ എല്‍ ബീന, തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജ് പ്രൊഫ. കെ ആര്‍ ബിന്ദു എന്നിവര്‍ അടങ്ങുന്ന വിദഗ്ധ സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.