യാത്രാ നിരക്ക് വർദ്ധിപ്പിക്കണം; സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

single-img
25 October 2021

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ യാത്രാ നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലേയ്ക്ക്.തുടർച്ചയായ ദിവസങ്ങളിൽ ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകൾ മുന്നോട്ടുവെക്കുന്ന ‌ ആവശ്യം.‌

കേരളത്തിൽ അവസാനമായി ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചത് 2018 മാര്‍ച്ച്‌ മാസത്തിലാണ്.അന്ന് ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 66 രൂപ മാത്രമായിരുന്നു. എന്നാൽ ഇന്ന് ഡീസല്‍ വില 103ലെത്തി നില്‍ക്കുന്നു. കോവിഡ്-19 കാലത്ത് യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസുടമകള്‍ പറയുന്നത്.

ഇതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നുണ്ട്.സ്പെയര്‍ പാര്‍ട്സുകള്‍ക്ക് വില കൂടി. ഇന്‍ഷുറന്‍സ് തുകയും വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ എല്ലാം കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്ന ശിപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.