ഒഴുകിയെത്തുന്നത് സെക്കന്‍ഡില്‍ 3025 ഘനയടി വെള്ളം; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.80 അടിയായി ഉയര്‍ന്നു

single-img
23 October 2021

ഏതാനും നാളുകളായി മഴ ശക്തമായി തുടർന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 135.80 അടിയായി ഉയര്‍ന്നു.ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കും. ഇപ്പോൾ ഡാമിലേക്ക് 3025 ഘനയടി വെള്ളമാണ് ഓരോ സെക്കന്റിലും ഒഴുകി എത്തുന്നത്.

അതേസമയം, തമിഴ്‌നാട് 2150 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 136ല്‍ എത്തുന്ന സമയം മുതല്‍ നിയന്ത്രിത തോതില്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്‌നാട് അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇപ്പോഴുള്ള പ്രോട്ടോകോള്‍ പ്രകാരം ജലനിരപ്പ് 136ല്‍ എത്തിയാല്‍ തമിഴ്‌നാട് കേരളത്തിന് ആദ്യ അറിയിപ്പ് നല്‍കും. 138ല്‍ രണ്ടാമത്തെ അറിയിപ്പും 140ല്‍ ആദ്യ മുന്നറിയിപ്പും 141ല്‍ രണ്ടാം മുന്നറിയിപ്പും നല്‍കും. ജലനിരപ്പ് 142 അടിയിലെത്തിയാല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളൂ.ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ ഇന്നലെ രണ്ട് ഷട്ടറുകള്‍ അടച്ചിരുന്നു.