യാത്രാമധ്യേ വിമാനത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തി പ്രിയങ്കയും അഖിലേഷ് യാദവും

single-img
23 October 2021

യുപി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും വിമാനത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തി.ഇന്ന് ഡല്‍ഹിയില്‍നിന്ന് ലഖ്‌നോവിലേക്കുള്ള യാത്രാമധ്യേയാണ് ഇരുവരും അവിചാരിതമായി വിമാനത്തില്‍ കണ്ടുമുട്ടിയത്.

എന്നാൽ ഈകൂടിക്കാഴ്ച സ്വമേധയാ നടന്നതാണെന്നും ഇരുവരും തമ്മില്‍ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നുമാണ് സമാജ്‌വാദി പാര്‍ട്ടി പ്രതികരിച്ചത്. വിമാനത്തില്‍ വച്ചെടുത്ത ഒരു ഫോട്ടോയില്‍ അഖിലേഷും പ്രിയങ്കയുമായി പുഞ്ചിരിക്കുന്നത് കാണാം.സംസ്ഥാനത്തെ യോഗി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമാണ് പ്രിയങ്കയും അഖിലേഷും നടത്തുന്നത്.

2017ൽ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ബിജെപിക്കെതിരേ ഒരുമിച്ചുമല്‍സരിച്ചെങ്കിലും ഈ സഖ്യം ദയനീയമായി തകര്‍ന്നിരുന്നു. കോണ്‍ഗ്രസിന് വെറും ഏഴ് സീറ്റും സമാജ് വാദി പാര്‍ട്ടിക്ക് 47 സീറ്റും മാത്രമാണ് അന്ന് നേടാനായത്. 105 സീറ്റുകളിലാണ് കോണ്‍ഗ്രസ് അന്ന് മത്സരിച്ചത്.എന്നാല്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തെ തുടര്‍ന്ന് ഇനി ഒരിക്കലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

ഈ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കുമോ അതോ സഖ്യകക്ഷികളുടെ പിന്തുണ തേടുമോ എന്നകാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.