അനുപമയ്ക്ക് പിന്തുണയുമായി മന്ത്രി വീണാ ജോർജ്; വകുപ്പുതല അന്വേഷണവും നടപടിയും ഉറപ്പുനൽകി

single-img
23 October 2021

പേരൂർക്കടയിൽ മാതാവ് അറിയാതെ നവജാത ശിശുവിനെ ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമയ്ക്ക് പിന്തുണ അറിയിച്ച് വനിതാ ശിശുക്ഷേമ മന്ത്രി വീണാജോർജ്. മന്ത്രി ഇന്നു അനുപമയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിക്കുകയായിരുന്നു. കേസിൽ മന്ത്രി വകുപ്പുതല അന്വേഷണവും നടപടിയും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെ സെക്രട്ടറിയേറ്റ് പടിക്കൽ അനുപമയുടെ നിരാഹാര സമരം ആരംഭിക്കാൻ ഏതാനും മിനിറ്റുകൾ ബാക്കിനിൽക്കെയാണ് മന്ത്രി ഫോണിൽ വിളിച്ചത്. താനും ഒരു അമ്മയാണെന്നും അനുപമയുടെ വികാരം തനിക്ക് മനസിലാകും. അനുപമയ്‌ക്കൊപ്പമാണ് സർക്കാരുള്ളതെന്നും മന്ത്രി അറിയിക്കുകയും ചെയ്തു.

അതേസമയം, കേസിൽ കഴിഞ്ഞ ദിവസം തന്നെ മന്ത്രി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വകുപ്പ് സെക്രട്ടറിയോട് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ നിർദേശം നൽകി. ഈ റിപ്പോർട്ട് ലഭിച്ചാലുടൻ വകുപ്പുതല നടപടിയുണ്ടാകും.