ഭാര്യയെ സ്ഥിരപ്പെടുത്താന്‍ നീക്കം; പ്രസ്‌ ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന്‍ ആരോഗ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

single-img
22 October 2021

ആര്‍സിസിയില്‍ ജോലി ചെയ്യുന്ന തന്റെ ഭാര്യ ഉൾപ്പെടെയുള്ള താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ആരോഗ്യമന്ത്രിക്കയച്ച തിരുവനന്തപുരം പ്രസ്‌ ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന്റെ കത്ത് പുറത്ത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി എട്ടു പേരുടെ പട്ടികയും ശിപാര്‍ശ കത്തും തിരുവനന്തപുരം പ്രസ്‌ ക്ലബ്ബ് സെക്രട്ടറിയായ രാധാകൃഷ്ണന്‍ മന്ത്രിക്ക് നൽകുകയായിരുന്നു.

2019 ജൂലൈ രണ്ടാം തിയതിയാണ് രാധാകൃഷ്ണന്‍ ഒപ്പിട്ട കത്ത് മന്ത്രിക്ക് നല്‍കിയത്. തുടർന്ന് ഓഗസ്റ്റ് 1ന് മന്ത്രി ഒപ്പിട്ട ഫയല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കുകയും ചെയ്തു. കേരളത്തിൽ വിവിധ സർക്കാർ വകുപ്പുകളിൽ ധാരാളം താത്കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നിരിക്കെ പ്രസ് ക്ലബ്ബ് സെക്രട്ടറി എന്തിനാണ് ചിലര്‍ക്ക് വേണ്ടി മാത്രം ശിപാര്‍ശ കത്ത് നല്‍കുന്നതെന്നാണ് അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യം.

തിരുവനന്തപുരം പ്രസ് ക്ലബ്ബ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാധാകൃഷ്ണന്റെ പാനലില്‍ മത്സരിക്കുന്ന പലരും ഇതിനോടകം പിന്മാറിയിരുന്നു. അതേസമയം, രാധാകൃഷ്ണന്റെ ആക്രമണത്തിനിരയായ മാധ്യമ പ്രവര്‍ത്തകയ്ക്ക് പിന്തുണ അറിയിച്ച് വനിതാ മാധ്യമ കൂട്ടായ്മയും രംഗത്തെത്തി.നേരത്തെ വനിതാ ജീവനക്കാരിയെ വീട്ടില്‍ കയറി അസമയത്ത് അസഭ്യം പറഞ്ഞ കേസില്‍ രാധാകൃഷ്ണനെ കേരളാ കൗമുദി പുറത്താക്കിയിരുന്നു.